മെൽബണ്‍: ഒഐസിസി ഓസ്ടേലിയായുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അനുസ്മരണം വളരെ വിപുലമായി നടത്തപ്പെട്ടു. ഗ്രീൻസ്ബറോ സെർബിയൻ ഹാളിൽ നടന്ന ചടങ്ങിൽ ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയി അധ്യക്ഷനായിരുന്നു. നെഹ്റു ജയന്തിയാഘോഷം മുൻ കെഎസ് യു പ്രസിഡന്റും തൃക്കാക്കര എംഎൽഎ യുമായ അഡ്വ. പിടി. തോമസ് ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ നെഹ്റുവിന്റെ ചിന്തകളും പ്രവർത്തനങ്ങളും വളരെ പ്രസക്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിടി. തോമസ് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഒഐസിസിയുടെ വെബ്സൈറ്റ് തൃത്താല യുവ എംഎൽഎ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. നെഹ്റു ജയന്തിയിൽ ധാരാളം കുട്ടികൾ ചാച്ചാ നെഹ്റുവിന്റെ വേഷത്തിൽ ഇന്ത്യൻ പതാകയുമായി വേദി നിറഞ്ഞപ്പോൾ സദസ് ഹർഷാരവത്തോടെ അവരെ സ്വാഗതം ചെയ്തു. ചടങ്ങിന് ഒഐസിസി വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് സ്വാഗതവും അരുണ്‍ ഗോപിനാഥൻ നന്ദിയും പറഞ്ഞു.
ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിജു സ്കറിയ, ഒഐസിസി സ്ഥാപക പ്രസിഡന്റ് ജോസ് എം. ജോർജ്, ജൂബി ജോർജ് എന്നിവർ പ്രസംഗിച്ചു. മറ്റു സംഘടനകളുടെ പ്രാധിനിധ്യം പ്രത്യേകം ചടങ്ങിന് കൊഴുപ്പേകി. നെഹ്റു ജയന്തിയോടനുബന്ധിച്ചു ഓസ്ട്രേലിയായിൽ വിവിധ മേഖലയിൽ പ്രാവീണ്യം തെളിയിച്ച ബിജോ കുന്നുംപുറത്ത് ( CEO -IHNA), ഡോ. സജീവ് കോശി (OAM), ഡോ. രാഘവൻ ഉണ്ണി (ഓർത്തോ പീഡിക് സർജൻ), സജി മുണ്ടയ്ക്കൽ (ചെയർമാൻ എന്റെ ഗ്രാമം) എന്നിവരെ അഡ്വ പിടി. തോമസും വി.ടി. ബൽറാമും പൊന്നാടയണിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
മെൽബണിൽ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നെഹ്റുജയന്തി ആഘോഷിച്ചു
09:16 PM Nov 28, 2018 | Deepika.com