മെൽബണ്‍: വിക്ടോറിയയിലെ ബലാറട്ട് സെന്റ് ഡൈനേഷ്യസ് ഓർത്തഡോക്സ് കോണ്‍ഗ്രിഗേഷനിൽ സെപ്റ്റംബർ 14ന് സ്ലീബാ പെരുനാൾ ആഘോഷിച്ചു. സെന്റ് അലിപിയസ് പ്രിസ്ബറ്ററി ചർച്ചിൽ വൈകിട്ട് 6.30ന് നമസ്കാരം തുടർന്ന് വി. കുർബാന, സ്ലീബാ പെരുനാളിന്റെ പ്രത്യേക പ്രാർഥന എന്നിവ നടത്തപ്പെട്ടു.
അഡ്ലൈഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാ. അനീഷ് കെ. സാം മുഖ്യ കാർമികത്വം വഹിച്ചു. സ്ലീബാ വിജയത്തിന്റെയും രക്ഷയുടെയും പ്രത്യാശയുടെയും വലിയ അടയാളമാകുന്നുവെന്നും ഹെലനി രാജ്ഞി കർത്താവിന്റെ സ്ലീബാ കണ്ടെടുത്തതു പോലെ നമ്മളിൽ മുദ്രിതമായിരിക്കുന്ന സ്ലീബായെ തിരിച്ചറിയാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ പെരുനാൾ സന്ദേശത്തിൽ ഓർമിപ്പിച്ചു. മെൽബണ്‍ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പ്രദീപ് പൊന്നച്ചൻ, സഹവികാരി ഫാ. സജു ഉണ്ണൂണി എന്നിവർ സന്നിഹിതരായിരുന്നു. മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിശ്വാസികൾ പ്രാർഥനയോടെ വന്നു സംബന്ധിച്ചു. വി. കുർബാനയ്ക്കുശേഷം സ്നേഹവിരുന്നോടു കൂടി പെരുനാൾ ചടങ്ങുകൾ സമാപിച്ചു.
റിപ്പോർട്ട്: തോമസ് പണിക്കർ
ബലാറട്ടിൽ സ്ലീബാ പെരുനാൾ ആഘോഷിച്ചു
11:20 PM Sep 17, 2018 | Deepika.com