യുവാക്കളാണ് വർത്തമാനവും ഭാവിയും: മോണ്‍ ഫ്രാൻസിസ് കോലഞ്ചേരി

11:19 PM Sep 17, 2018 | Deepika.com
ടൗണ്‍സ്‌വില്‍: ഓസ്ട്രേലിയയുടെ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ യുവ പ്രതിഭകൾക്ക് ടൗണ്‍സ്‌വില്‍ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് യൂത്ത് എക്സെലൻസ് അവാർഡ് സമ്മാനിച്ചു. സെപ്റ്റംബർ 16ന് ടൗണ്‍സ്വില്ലിൽ നടന്ന പ്രൊക്ലയിം കോണ്‍ഫറൻസിൽ മെൽബണ്‍ രൂപത വികാരി ജനറാൾ മോണ്‍ ഫ്രാൻസിസ് കോലഞ്ചേരിയാണ് അവാർഡ് സമ്മാനിച്ചത് .

യുവജനങ്ങളാണ് സഭയുടെയും സമൂഹത്തിന്‍റെയും വർത്തമാനവും ഭാവിയും എന്ന് തദവസരത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. യൂത്ത് മൂവ്മെന്‍റിന്‍റെ രൂപത ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .യുവജന ശക്തീകരണത്തിൽ അവനവന്‍റെ പൈതൃകത്തിനും സംസ്കാരത്തിനും ആത്മീയതക്കും മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റിൻ മാത്യു, അൽഫിൻ സാബു, ദിയ സുരേഷ്, റുവിനാ റോബിൻ, അഭിജിത് എബ്രഹാം എന്നിവരാണ് യൂത്ത് എക്സലൻസ് അവാർഡിന് അർഹരായത് .

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ അവാർഡിനായി നോമിനേഷനുകൾ ക്ഷണിച്ചിരുന്നു.
ഓപ്പണ്‍ നോമിനേഷനിൽ നിന്നും പ്രതിഭാശാലികളായ യുവാക്കളെ അവരുടെ വിവിധ മേഖലകളിലെ പ്രാഗൽഭ്യം അനുസരിച്ചു തെരഞ്ഞെടുക്കുകയായിരുന്നു. ഒപി സ്കോർ, സ്കോളർഷിപ് നോമിനേഷനുകൾ, ദേശീയ അന്തർദേശീയ കോണ്‍ഫറൻസുകളിലെ പങ്കാളിത്തം എന്നിവ മാനദണ്ഡം ആക്കിയാണ് സെലക്ഷൻ പ്രക്രിയ നടന്നതെന്ന് ഡയറക്ടർ ഫാ. മാത്യു അരീപ്ലാക്കൽ ആനിമേറ്റർ ജോബിച്ചൻ ഉപ്പുപുരത്തു സെക്രട്ടറി ആന്‍റണി കുന്നുംപുറത്തു എന്നിവർ അറിയിച്ചു.

രണ്ടു വിഭാഗങ്ങളായി നടന്ന കോണ്‍ഫറൻസിൽ തൊണ്ണൂറോളം യുവജനങ്ങളും കുട്ടികളും സംബന്ധിച്ചു. ഡോണിയ ജോണി, ഏഞ്ചൽ തോമാച്ചൻ ,സിൽവി റോബിൻ, ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, ബിനോയ് സെബാസ്റ്റ്യൻ എന്നിവർ പ്രൊക്ലയിം കോണ്‍ഫറൻസിനു നേതൃത്വം നൽകി. ക്വീൻസലൻഡ് യൂത്ത് കോർഡിനേറ്റർ ജസ്റ്റിൻ, സേഫ് ഗാർഡിംഗ് ഓഫീസർ അനീഷ്, ജോബി ജോസ് എന്നിവർ ആദ്യാവസാനം സന്നിഹിതരായിരുന്നു.