കാൻബറ: മഴക്കെടുതിമൂലെ ദുരിതമനുഭവിക്കുന്ന കേരളത്തിലെ തങ്ങളുടെ സഹോദരങ്ങളെ സഹോദരങ്ങളെ സഹായിക്കുന്നതിനായി ഓസ്ട്രേലിയായിലെ കാൻബറ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ മത സമുദായിക പ്രസ്ഥാനങ്ങൾ ഒന്നിച്ചു കൈകോർക്കുന്നു. അസോസിയേഷൻ നേതൃത്വം നൽകുന്ന റിലീഫ് ഫണ്ടിലേക്ക് നിരവധി പേർ ഇതിനോടകം തങ്ങളുടെ സംഭാവനകൾ നൽകി കഴിഞ്ഞു. ആദ്യഘട്ടത്തിൽ സെപ്റ്റംബർ ഒന്നുവരെ ലഭിക്കുന്ന തുക സെപ്റ്റംബർ രണ്ടാംതീയതി അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന തുക കൂടാതെ അസോസിയേഷന്റെ കണ്ടിജൻസി ഫണ്ടിൽ നിന്നും അയ്യായിരം ഡോളറും ജനറൽ അക്കൗണ്ടിൽ നിന്നും ഓണാഘോഷ പരിപാടികൾക്കായി നീക്കിവച്ചിരുന്ന അയ്യായിരം ഡോളർ എല്ലാ ഓണാഘോഷ പരിപാടികളും റദ്ദു ചെയ്തുകൊണ്ട് നൽകുന്നതുമാണ്. ഓണാഘോഷ പരിപാടികൾക്കായി ടിക്കറ്റെടുത്ത എല്ലാവരും ഈ തുകയും റിലീഫ് ഫണ്ടിലേക്ക് നൽകിയിട്ടുണ്ട. ആദ്യഘട്ട റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ ഒന്നിന് മുന്പു നൽകണമെന്ന് പ്രസിഡന്റ് ജോബി ജോർജ് അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒറ്റകെട്ടായ പ്രവർത്തനമാണ് റിലീഫ് ഫണ്ട് സമാഹരണ വിജയത്തിലെത്തിച്ചത്. ഇതിനായി സഹകരിച്ച എല്ലാ മലയാളികളെയും ഏറെ നന്ദിയോടെ ഓർക്കുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ സഹായസഹകരണങ്ങൾ കാൻബറ മലയാളി അസോസിയേഷൻ അഭ്യർഥിക്കുന്നു.
റിപ്പോർട്ട്: ജോജോ മാത്യു
കാൻബറ മലയാളി അസോസിയേഷൻ കേരള റിലീഫ് ഫണ്ട്
12:31 AM Aug 21, 2018 | Deepika.com