മൊറോക്കോ മിറാക്കിള്‍... ദി എന്‍ഡ്! പ്രൗഢിയോടെ ഫ്രാൻസ്

01:32 PM Dec 15, 2022 | Deepika.com
ഫുട്ബോൾ ഇതിഹാസം പെലെയുടെ പ്രവചനം പൂവണിയാതെ അങ്ങനെ കിടക്കുകയാണ്. ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നു ചിലരൊക്കെ കരുതി. പക്ഷേ, ഫലമുണ്ടായില്ല. ഇരുപതാം നൂറ്റാണ്ടിൽ ഒരു ആഫ്രിക്കൻ ടീം ലോകകപ്പ് നേടുമെന്നായിരുന്നു പെലെ പ്രവചിച്ചത്.

1990നു മുന്പായിരുന്നു പെലെയുടെ പ്രവചനം. 1990 ലോകകപ്പിൽ റോജർ മില്ലയും കാമറൂണും നടത്തിയ പടയോട്ടം കണ്ടപ്പോൾ അതു സാധ്യമാകുമെന്നു പലരും കരുതി. എന്നാൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് കാമറൂണിന്‍റെ വഴിയടച്ചതോടെ കഥ അവസാനിച്ചു.

തുടർന്നു ഖത്തർ ലോകകപ്പിലെത്തുന്പോൾ ആഫ്രിക്കയിലെ മറ്റൊരു ടീമായ മൊറോക്കോ അദ്ഭുതം സൃഷ്ടിക്കുമെന്നു പലരും ധരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഫ്രാൻസിനോടു രണ്ടു ഗോൾ വഴങ്ങി പൊരുതിതോറ്റ് മൊറോക്കോ കളി അവസാനിപ്പിച്ചു. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന പേരുമായി അവർക്കിനി മൂന്നാംസ്ഥാനത്തിനു ക്രൊയേഷ്യയോടു മത്സരിക്കാം.

അഞ്ചാം മിനിറ്റില്‍ മുന്നില്‍...

സെമിയിൽ മൊറോക്കോയുടെ വെല്ലുവിളി മറികടന്നായിരുന്നു ചാന്പ്യൻമാരായ ഫ്രാൻസിന്‍റെ പ്രകടനം. തുടർച്ചയായി രണ്ടു വട്ടം ഫൈനലിലെത്തിയയെന്ന ഖ്യാതിയും ഫ്രാൻസിനുണ്ട്. ഫൈനലിൽ എതിരാളികളായ അർജന്‍റീനയെ തോൽപ്പിച്ചു കിരീടം നേടിയാൽ തുടർച്ചയായ രണ്ടു വർഷം ജേതാക്കളെന്ന പെരുമയും ഫ്രാൻസിനു വന്നു ചേരും.

സെമിയിൽ മോറോക്കോയ്ക്കെതിരേ തിയോ ഹെർണാണ്ടസ്, റൻഡൽ കോളോ മുവാനി എന്നിവരാണ് ഫ്രാൻസിന്‍റെ വിജയഗോൾ നേടിയത്.

കളിയുടെ അഞ്ചാം മിനിറ്റിൽതന്നെ തിയോ ഹെർണ്ടാസിലൂടെ ഫ്രാൻസ് മുന്നിലെത്തി. ഇതോടെ മോറോക്കോയ്ക്ക് മനോധൈര്യം കൈവിട്ട പോലെയായി. പിന്നീട് നായകൻ റൊമെയ്ൻ സെയ്സിനു പരിക്കേറ്റതോടെ അദ്ദേഹം കളംവിട്ടതും കനത്ത തിരിച്ചടിയായി. എന്നിട്ടും അവർ ഫ്രാൻസിന്‍റെ ഗോൾ മുഖത്ത് പലവട്ടമെത്തി. എന്നാൽ ഫ്രാൻസിന്‍റെ പ്രതിരോധം പഴുതകളനുവദിച്ചില്ല.

ലക്ഷ്യം കാണാത്ത ഷോട്ടുകള്‍, കറുത്ത കുതിരകള്‍ക്ക് പിഴച്ചു

മത്സരത്തിൽ 61 ശതമാനമാണ് മൊറോക്കോ ഫ്രാൻസിനെതിരേ പന്തു കൈവശം വച്ചു കളിച്ചത്. ഗോൾ ലക്ഷ്യമാക്കിയുള്ള ഷോട്ടുകളുടെ എണ്ണത്തിലും മൊറോക്കോ ഫ്രാൻസിനൊപ്പം മികച്ചു നിന്നു പക്ഷേ, ലക്ഷ്യം കാണുന്നതിൽ അവർക്കു പിഴയ്ക്കുകയായിരുന്നു.

ഫ്രാൻസിന്‍റെ ഗോളി ഹ്യൂഗോ ലോറിസ് തകർപ്പൻ ഫോമിലായതും മൊറോക്കോയെ ബാധിച്ചു. മറുവശത്ത് ഫ്രാൻസ് ടൂർണമെന്‍റിലുടനീളം സമർഥവും വ്യക്തവുമായ ആസൂത്രണത്തോടെയാണ് കളിച്ചതെന്നു കാണാം.

കിടയറ്റ താരങ്ങളായ കരീം ബെൻസേമ, പോൾ പോഗ്ബ, കാന്‍റെ എന്നിവരില്ലാതെ ഖത്തറിലെത്തിയ ഫ്രാൻസ് അവരുടെ അഭാവത്തിലും മിന്നുന്ന പ്രകടനമാണ് നടത്തുന്നു. ഒളിവർ ജിറൂഡ്, കിലിയൻ എംബാപ്പെ, അന്‍റോണിയോ ഗ്രീസ്മാൻ, ഫൊഫാന എന്നിവരുടെ വ്യക്തിപ്രഭാവം ഇതിനകം കണ്ടതാണ്.

മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത ആക്രമണ കൂട്ടുകെട്ടാണിത്. നിപുണരായ കളിക്കാരാൽ സമൃദ്ധമായ ഫ്രാൻസിന്‍റെ കോച്ച് ദിദിയർ ദെഷാംപ്സിനു മത്സരം ജയിക്കാൻ മികച്ച പദ്ധതികളുണ്ടെന്നതാണ് അവരുടെ തുടർച്ചയായ ഫൈനൽ പ്രവേശനം വിരൽചൂണ്ടുന്നത്. അതുകൊണ്ടുതന്നെ ഫ്രാൻസ്- അർജന്‍റീന ഫൈനൽ തീപ്പാറുമെന്നു ഉറപ്പിക്കാം.