മെസ്സീ.. വീൽചെയറിലിരുന്ന് ഡോമിനിക്കും ഡാനിയേലും വിളിച്ചു; ദൈവം അനുഗ്രഹിക്കട്ടെയെന്ന് സൂപ്പർതാരം

03:22 PM Dec 14, 2022 | Deepika.com
അങ്ങ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്നലെ കാൽപ്പന്ത് മാന്ത്രികൻ ലയണൽ മെസി കീഴടക്കിയത് ക്രൊയേഷ്യയെ മാത്രമല്ല, രണ്ടു കുരുന്നുഹൃദയങ്ങൾ കൂടിയായിരുന്നു. വീൽചെയറിൽ സൂപ്പർതാരത്തെ കാത്തിരുന്ന ഡോമിനിക്കിനും ഡാനിയേലിനും ഇന്നലെ സ്വപ്നസാക്ഷാത്കാരമായിരുന്നു.

ടീമംഗങ്ങൾക്കൊപ്പം സ്റ്റേഡിയത്തിലേക്ക് പോകവേയാണ് മെസി തിളങ്ങുന്ന കണ്ണുകളോടെ തന്നെ നോക്കി ചിരിക്കുന്ന ഡോമിനിക്കിനെയും ഡാനിയേലിനെയും കണ്ടത്. ഇരുവരുടെയും അരികിലേക്ക് എത്തിയ മെസി ഹസ്തദാനത്തിനു ശേഷം ദൈവം അനുഗ്രഹിക്കട്ടെ എന്നും ആശംസിച്ച ശേഷമാണ് മടങ്ങിയത്. ഇരുവരുടെയും മാതാപിതാക്കളായ വിനുവും ബിന്ദുവും ആ അസുലഭനിമിഷത്തിനു സാക്ഷിയായി ഒപ്പമുണ്ടായിരുന്നു.

മത്സരശേഷം മെസി കുടുംബത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഇവർക്ക് ഇരട്ടിമധുരമായി. മത്സരത്തിനു മുന്നോടിയായി മൈതാനത്തിൽ ദേശീയഗാനം ആലപിക്കുന്ന ചടങ്ങിലും ടീമുകൾക്കൊപ്പം പങ്കെടുക്കാൻ ഇരുവർക്കും അവസരം ലഭിച്ചു.



ശരീരപേശികളുടെ ശക്തി ക്ഷയിക്കുന്ന അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരാണ് ഡോമിനിക്കും ഡാനിയേലും. ഇവരുടെ പിതാവ് ശാസ്താംകോട്ട സ്വദേശിയായ വിനു ജോസഫ് ഖത്തർ പബ്ലിക പാർക്ക് അഥോറിറ്റിയിൽ എൻജിനിയറാണ്. മാതാവ് ബിന്ദു സൈമണ്‍ പാലാ സ്വദേശിനിയാണ്. കഴിഞ്ഞ 12 വർഷമായി ഇവർ ഖത്തറിലാണ്.

ശാരീരിക ന്യൂനതകളുള്ളവർക്ക് ഖത്തർ ലോകകപ്പ് കാണാൻ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മത്സരങ്ങൾ കാണാനും താരങ്ങളെ അടുത്തുകാണാനുമുള്ള കുട്ടികളുടെ ആഗ്രഹം കണ്ടിട്ടാണ് വിനു ജോസഫ് ഫിഫയ്ക്ക് ഇ-മെയിൽ അയച്ചത്. ഇത് പരിഗണിച്ച ഫിഫ അധികൃതർ സെമി, ഫൈനൽ മത്സരങ്ങളിലേക്ക് ഇരുവരെയും ക്ഷണിക്കുകയായിരുന്നു.

എന്തായാലും ടീവിയിൽ മാത്രം കണ്ടിരുന്ന ആരാധാനാപാത്രങ്ങളെ തൊട്ടടുത്തു കണ്ട സന്തോഷത്തിലാണ് ഡോമിനിക്കും ഡാനിയേലും. ഫൈനലിൽ മെസി വീണ്ടും ലുസൈൽ മൈതാനത്ത് ഇറങ്ങുന്പോൾ ആരവം മുഴക്കാൻ ഇവരുമുണ്ടാകും.

കുട്ടികളുടെ യാത്രാബുദ്ധിമുട്ടുകൾ പരിഗണിച്ച് കഴിഞ്ഞ നാലുവർഷമായി ഇവർ കേരളത്തിലേക്ക് പോയിട്ടില്ല. ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ നടക്കുന്പോൾതന്നെ ഇരുവരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു സന്തോഷം പ്രദാനം ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് ബിന്ദു സൈമണ്‍ ദീപിക ഡോട്ട്കോമിനോട് പറഞ്ഞു.