ഫ്രാന്‍സിനു മുന്നില്‍ ആഫ്രിക്കന്‍ ബോംബ്

12:42 PM Dec 14, 2022 | Deepika.com
ബെല്‍ജിയം, സ്പെയിന്‍ , പോര്‍ച്ചുഗല്‍ ലോകകപ്പില്‍ മുത്തമിടാന്‍ എത്തിയവരെ കരയിപ്പിച്ച് മൊറോക്കോ എന്ന ആഫ്രിക്കന്‍ കരുത്ത് ഇന്ന് ഫ്രാന്‍സിനെതിരേ.

ആദ്യമായി ലോകകപ്പ് സെമിയില്‍ എത്തുന്ന ആഫ്രിക്കന്‍ ടീം എന്ന ഖ്യാതി നേടിയ മൊറോക്കോ അടുത്ത പടികൂടി കടക്കുമോ അതോ നിലവിലെ ചാമ്പ്യന്‍മാരുടെ മുന്നില്‍ വീഴുമോ എന്നറിയാന്‍ ഇനി മണിക്കുറുകള്‍ മാത്രം. മൊറോക്കോ ലോകകപ്പിൽ ആദ്യമായാണ് ഫ്രാൻസിനെ നേരിടുന്നത്.

ഗോളടിക്കാന്‍ പാടുപെടും

പരന്നൊഴുകുന്ന കളിപ്പടയാണ് ഫ്രഞ്ചുകാരുടേത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യമുള്ള ടീം. ഗോളടിയുടെ അനായാസതയാണ് ടീമിനെ വ്യത്യസ്തമാക്കുന്നത്. അഞ്ച് ഗോളുമായി മൈതാനം നിറയുന്ന കിലിയൻ എംബാപ്പെതന്നെ മുഖ്യ ആയുധം.

എംബാപ്പെയെ പൂട്ടിയാലും എതിർ ഗോൾമുഖത്ത് നാശം വിതയ്ക്കാന്‍ ശേഷിയുള്ളവര്‍ ധാരാളം. അന്‍റോയ്ൻ ഗ്രീസ്മാനും ഒളിവർ ജിറൂവും ഡെംബെലെയും കളംനിറയും. ആഴവും വൈവിധ്യവുമുള്ള പ്രതിരോധമാണ് മൊറോക്കോയുടെ സവിശേഷത.

അഷ്റഫ് ഹക്കീമിയും നയേഫ് അഗുയേർദും കാവൽനിൽക്കുന്ന പ്രതിരോധകോട്ടയിൽ കയറുക എളുപ്പമല്ല. കയറിയാൽത്തന്നെ ഗോൾകീപ്പർ യാസിൻ ബോണോ അമാനുഷികനായി നിലകൊള്ളുന്നു.