ഇത്രേയുള്ളൂ ക്രൊയേഷ്യ... എന്നു മെസി...

12:27 PM Dec 14, 2022 | Deepika.com
ഖത്തറിൽ സാക്ഷാൽ ബ്രസീൽ അടക്കമുള്ള കരുത്തരെ മലർത്തിയടിച്ചെത്തിയ ക്രൊയേഷ്യയെ ചുരുട്ടിക്കൂട്ടി ലയണൽ മെസിയും സംഘവും കപ്പിലേക്കു അടുക്കുന്നു. ലൂസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന അർജന്‍റീന-ക്രൊയേഷ്യ സെമിയിൽ നടന്നത് മെസിയുടെ നിറഞ്ഞാട്ടം മാത്രം.

പന്തുകളിയിൽ അഴകും തേജസും സമന്വയിപ്പിച്ചു ആരാധകർക്കു മധുരം വിളന്പി മെസി ജൈത്രയാത്ര തുടരുകയാണ്. പെനാൽറ്റിയിലൂടെ ഗോൾ നേടുകയും മറ്റു വിജയഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്ത മെസി അക്ഷരാർഥത്തിൽ കളം വാഴുകയായിരുന്നു. അതുകൊണ്ടു തന്നെ ഈ മത്സരത്തിലെ കേമൻ പട്ടം മെസിക്കാണ്. ഖത്തറിൽ അഞ്ചു ഗോൾ സ്വന്തമാക്കിയതിനു പിന്നാലെ ഒട്ടേറെ റിക്കാർഡുകളും മെസി കൈവരിച്ചു കഴിഞ്ഞു.

പന്ത് കൂടുതല്‍വച്ചത് ക്രൊയേഷ്യ, പക്ഷെ...

കണക്കുകളിൽ ക്രൊയേഷ്യയാണ് മുന്നിൽ. 61 ശതമാനം പന്തു കൈവശം വച്ച് കളിച്ചു. അർജന്‍റീന 39. ഷോട്ടുകളുടെ എണ്ണത്തിൽ ക്രൊയേഷ്യയുടേത് 12. അർജന്‍റീനയുടേത് ഒന്പത്. ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിൽ അർജന്‍റീനയാണ് മുന്നിൽ. ഏഴ്. ക്രൊയേഷ്യ രണ്ട്. കോർണർ കിക്കുകൾ അനുകൂലമായി കൂടുതൽ ലഭിച്ചത് ക്രൊയേഷ്യയ്ക്കു നാല്. അർജന്‍റീനയ്ക്ക് രണ്ട്.

ഫൗളുകളുടെ എണ്ണത്തിൽ അർജന്‍റീനായിരുന്നു മുന്നിൽ. 15 എണ്ണം. ക്രൊയേഷ്യ എട്ട്. ഒടുവിൽ മത്സരഫലം അർജന്‍റീനയ്ക്കു അനുകൂലവും. 3-0നു അർജന്‍റീന ഫൈനലിൽ. മുൻ ചാന്പ്യൻമാരായ ക്രൊയേഷ്യയ്ക്കു ഇനി മൂന്നാംസ്ഥാനത്തു വേണ്ടി മത്സരിക്കാം. ക്വാർട്ടറിൽ വന്പൻമാരായ ബ്രസീലിനെ കീഴടക്കിയ ക്രൊയേഷ്യ തികച്ചും ആത്മവിശ്വാസത്തിലായിരുന്നു.

20 മിനിറ്റ് കഴിഞ്ഞു കഥ മാറി...

കളി തുടങ്ങി ഏതാണ്ടു 20 മിനിറ്റ് വരെ അർജന്‍റീനയ്ക്കു കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പന്തു കൈമാറി എതിർനിരയിലേക്കു കയറിവരികയായിരുന്നു ക്രൊയേഷ്യൻ താരങ്ങൾ. അവരെ തടയാനാണ് അർജന്‍റീന ശ്രമിച്ചത്. പിന്നീട് പതുക്കെ അർജന്‍റീന ഉണരാൻ തുടങ്ങി.

ഇതോടെയാണ് ക്രൊയേഷ്യയുടെ വലയിൽ ഗോളുകൾ വന്നു വീണത്. 34-ാം മിനിറ്റിൽ അർജന്‍റീനയുടെ യുവതാരംഅൽവരാസ് നേടിയെടുത്ത പെനാൽറ്റി മെസി ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യയുടെ മനോവീര്യം ചോർന്നു. അവരുടെ പതനത്തിനു വഴിവെച്ചത് ഈയൊരു പെനാൽറ്റിയാണ്.

മെസിക്ക് നൂറില്‍ നൂറ്...എതിര്‍ കാപ്റ്റന്‍ ഓടി തളര്‍ന്നു

ക്രൊയേഷ്യ നായകൻ ലൂക്കാ മോഡ്രിച്ച് നനഞ്ഞപടക്കമായി. മുൻനിരയിലേക്കു പന്തെത്തിക്കാൻ കഴിയാതെ അദ്ദേഹം ഓടിത്തളർന്നു. ഒടുവിൽ 81-ാം മിനിറ്റിൽ കയറുകയും ചെയ്തു. മറുവശത്താകട്ടെ അർജന്‍റീന നായകൻ മെസി ഗോളടിച്ചും ഗോളിലേക്കു വഴിയൊരുക്കിയും ആളിക്കത്തുകയായിരുന്നു.

കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ഗോളുകൾക്കു അർജന്‍റീനയെ തോൽപ്പിച്ച ക്രൊയേഷ്യയ്ക്കു നാലുവർഷം പിന്നിടുന്പോൾ അർജന്‍റീന കൃത്യമായി പകരം വീട്ടിയിരിക്കുന്നു. രണ്ടു ഗോളുകൾ യുവതാരം അൽവാരസ്
ആണ് നേടിയത്.

മെസിയുടെ അതിസുന്ദരമായ പാസിലൂടെയായിരുന്നു അവസാന ഗോൾ പിറന്നത്. 69-ാം മിനിറ്റിൽ ത്രോയിൽ നിന്നു ലഭിച്ച പന്തുമായി കുതിച്ച മെസി വലതുകോർണറിനരികിലൂടെ മുന്നോട്ട്. പ്രതിരോധക്കാരൻ ജോസ്കോ ഗ്വാർഡിയോള മെസിയെ വിടാതെ പിന്തുടർന്നു.

ഇതിനിടയിൽ ഞൊടിയിടയിൽ മെസി നിൽക്കുന്നുവെന്നു തോന്നിപ്പിക്കും പോലെ, അടുത്ത നിമിഷം പന്തു കൈവിടാതെ മെസി ബോക്സിലേക്കു കയറുന്നു. സൂക്ഷ്മതയോടെ ക്രൊയേഷ്യൻ ഡിഫൻഡർമാരുടെ ഇടയിലൂടെ പന്ത് അൽവരാസിനു തള്ളികൊടുക്കുന്നു. അതൊന്നു പോസ്റ്റിലേക്കു തിരിച്ചുവിടേണ്ട പണിയെ അൽവാരസിനുണ്ടായിരുന്നുള്ളൂ.