ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന ചരിത്രം മൊറോക്കോ കുറിക്കുമോ...? സെമിയിൽ പ്രവേശിച്ച് ചരിത്രം കുറിച്ചുകഴിഞ്ഞ മൊറോക്കോയ്ക്ക് ഇതും ഇതിനപ്പുറവും സാധിച്ചേക്കും.
ആഫ്രിക്കൻ സാന്നിധ്യമുള്ള ചരിത്രത്തിലെ ആദ്യ സെമി ഫൈനലാണിത്. ഫിഫ ലോകകപ്പ് വേദിയിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുന്നത് ഇതാദ്യം. അതേസമയം, ഇരുടീമും അഞ്ച് തവണ സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
അതിൽ മൂന്നു ജയം ഫ്രാൻസ് സ്വന്തമാക്കിയപ്പോൾ രണ്ടു മത്സരം സമനിലയിൽ കലാശിച്ചു. 2007 ലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. അന്ന് 2-2 സമനിലയായിരുന്നു ഫലം.
ഫ്രാൻസ് ലോകകപ്പ് സെമിയിൽ പ്രവേശിക്കുന്നത് ഇത് ഏഴാം തവണ. ആദ്യ മൂന്ന് പ്രാവശ്യവും (1958, 1982, 1986) സെമിയിൽ പരാജയപ്പെട്ട ഫ്രാൻസ് അവസാനം കളിച്ച മൂന്ന് സെമിയിലും (1998, 2006, 2018) ജയം സ്വന്തമാക്കി.
ചരിത്രം പിറക്കുമോ?
12:02 PM Dec 14, 2022 | Deepika.com