ദക്ഷിണകൊറിയയ്ക്കെതിരായ മത്സരശേഷം ഇതിഹാസതാരം പെലെയ്ക്ക് ആദരമർപ്പിച്ചു ബ്രസീൽ ടീം. മത്സരശേഷം നായകൻ തിയാഗോ സിൽവയും സൂപ്പർതാരം നെയ്മറും അടക്കമുള്ള ബ്രസീൽ ടീം പെലെയുടെ വലിയ ബാനറുമായാണു ഗ്രൗണ്ടിലൂടെ നടന്നത്. ഗാലറിയിലും പെലെയുടെ വലിയ ബാനറുകളുണ്ടായിരുന്നു.
ദക്ഷിണകൊറിയയ്ക്കെതിരേ നേടിയ വിജയം പെലെയ്ക്കു സമർപ്പിക്കുന്നതായി സൂപ്പർ താരം നെയ്മർ പറഞ്ഞു. പെലെയുടെ ആരോഗ്യനില അതിവേഗം മെച്ചപ്പെടട്ടെയെന്നു നെയ്മർ പ്രത്യാശ പ്രകടിപ്പിച്ചു.
ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുകയാണു പെലെ. പെലെ ചികിത്സയോടു നന്നായി പ്രതികരിക്കുന്നതായും അദ്ദേഹത്തിന്റെ നില മോശമായിട്ടില്ലെന്നും ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 82കാരനായ പെലെയെ ചൊവ്വാഴ്ചയാണ് ആശുപത്രിയിലേക്കു മാറ്റിയത്.
ഇതിഹാസമേ ഇതു നിനക്കായ്...
02:59 PM Dec 07, 2022 | Deepika.com