ഒരു മിന്നലും ശബ്ദവും മാത്രമേ ഓർമയുള്ളൂ എന്ന് ജഗതിശ്രീകുമാറിന്റെ കഥാപാത്രം പറയുന്നതാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടമത്സരങ്ങളുടെ സമാപനത്തിൽ ഓർമവരുന്നത്.
ഠോ എന്നൊരു ശബ്ദവും വന്പന്മാർ ജഗതിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പഞ്ഞിയിൽപ്പൊതിഞ്ഞ് ഖത്തറിൽനിന്ന് സ്വന്തംനാടുകളിലേക്ക് പായുന്നതുമാണ് കണ്ടത്. അട്ടിമറികളുടെ ലോകകപ്പ് എന്ന വിശേഷണം ഇതിനോടകം ഖത്തർ സ്വന്തമാക്കിക്കഴിഞ്ഞു. കാരണം, ഒന്നും രണ്ടുമല്ല എട്ട് വന്പൻ അട്ടിമറികളാണ് ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഫുട്ബോൾ ലോകം കണ്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് വന്പൻ അട്ടിമറികളിലൂടെ...
1. അർജന്റീന x സൗദി അറേബ്യ (1-2): ഗ്രൂപ്പ് സിയിൽ ലോകകപ്പ് ഫേവറിറ്റുകളും ഫിഫ റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരുമായ അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചതായിരുന്നു ഈ ലോകകപ്പിലെ ആദ്യ ഠോ ശബ്ദം. 10-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസിയുടെ പെനൽറ്റി ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനയെ, സലെഹ് അൽഷെഹ്രി (48’), സലീം അൽഡൗസാരി (53’) എന്നിവരുടെ ഗോളുകളിലൂടെ ഫിഫ 32-ാം റാങ്കുകാരായ സൗദി അറേബ്യ അട്ടിമറിച്ചു.
2. ജർമനി x ജപ്പാൻ (1-2): അർജന്റീന x സൗദി മത്സരത്തിന്റെ കാർബണ്‍ കോപ്പി എന്നു തോന്നുന്നതായിരുന്നു ഗ്രൂപ്പ് ഇയിൽ ഫിഫ 11-ാം സ്ഥാനക്കാരായ ജർമനിയെ 24-ാം സ്ഥാനത്തുള്ള ജപ്പാൻ അട്ടിമറിച്ചത്. ജർമനി ഗുണ്ഡോഗാന്റെ (33’) പെനൽറ്റി ഗോളിലൂടെ ആദ്യ പകുതിയിൽ മുന്നിൽ. എന്നാൽ, റിറ്റ്സു ഡോവൻ (75’), തകുമ ഓസാനോ (83’) എന്നിവരുടെ ഗോളിലൂടെ ജപ്പാൻ ജയം സ്വന്തമാക്കി.
3. ബെൽജിയം x മൊറോക്കോ (0-2): ജപ്പാനു പിന്നാലെ കറുത്ത കുതിരകൾ എന്ന വിശേഷണത്തിനു യോഗ്യതയുള്ള മറ്റൊരു ടീമാണ് മൊറോക്കോ. ഫിഫ ലോക രണ്ടാം നന്പറുകാരായ ബെൽജിയത്തെ അട്ടിമറിച്ചാണ് മൊറോക്കോ കരുത്തറിയിച്ചത്. ഗ്രൂപ്പ് എഫിൽ ഫിഫ 22-ാം റാങ്കുകാരായ മൊറോക്കോയ്ക്കുവേണ്ടി റൊമയ്ൻ സൈസ് (73’), സക്കറിയ അബൂഖലാൽ (90+2’) എന്നിവരാണ് ഗോൾ നേടിയത്.
4. ഫ്രാൻസ് x ടുണീഷ്യ (0-1): ഫ്രാൻസ് ക്ഷണിച്ചു വരുത്തിയ ദുരന്തമാണ് ഗ്രൂപ്പ് ഡിയിൽ ടുണീഷ്യയോടുള്ള തോൽവി. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഫ്രാൻസ് മുൻനിര താരങ്ങളെ സൈഡിൽ ഇരുത്തിയാണ് ടുണീഷ്യക്ക് എതിരേ ഇറങ്ങിയത്. ഫിഫ ലോക നാലാം റാങ്കുകാരായ ഫ്രാൻസിനെ വഹ്ബി ഖാസ്രിയുടെ (58’) ഗോളിലൂടെ 30-ാം റാങ്കുകാരായ ടുണീഷ്യ മറിച്ചിട്ടു.
5. ഡെന്മാർക്ക് x ഓസ്ട്രേലിയ (0-1): ഫിഫ 10-ാം റാങ്കുകാരായ ഡെന്മാർക്കിനെ അട്ടിമറിച്ചാണ് 38-ാം സ്ഥാനക്കാരായ ഓസ്ട്രേലിയ ഗ്രൂപ്പ് ഡി യിൽ രണ്ടാം സ്ഥാനത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. മാത്യു അലൻ ലെക്കിയുടെ (60’) ഗോളാണ് ഓസ്ട്രേലിയയ്ക്ക് ജയമൊരുക്കിയത്.
6. സ്പെയ്ൻ x ജപ്പാൻ (1-2): ഗ്രൂപ്പ് ഇ യിലെ വന്പനായ സ്പെയ്നിനെയും ജപ്പാൻ തൂത്തെറിഞ്ഞു. ആൽവാരൊ മാറൊട്ടയുടെ (11’) ഗോളിൽ ആദ്യ പകുതിയിൽ സ്പെയ്ൻ ആയിരുന്നു മുന്നിട്ടുനിന്നത്. ഡോവാൻ (48’), ആഒ തനാക (51’) എന്നിവരുടെ ഗോളുകളിലൂടെ ഫിഫ ഏഴാം റാങ്കുകാരായ സ്പെയ്നിനെയും ജപ്പാൻ ഞെട്ടിച്ചു.
7. ദക്ഷിണകൊറിയ x പോർച്ചുഗൽ (2-1): ഗ്രൂപ്പ് എച്ചിലെ അവസാന മത്സരം. ബ്രൂണോ ഫെർണാണ്ടസിന് വിശ്രമം നൽകിയെത്തിയ പോർച്ചുഗലിനെ ഇഞ്ചുറി ടൈം ഗോളിൽ ദക്ഷിണകൊറിയ മലർത്തിയടിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. കിം യോംഗ് ഗൗണ്‍ (27’), ഹ്വാംഗ് ഹീ ചാൻ (90+1’) എന്നിവരായിരുന്നു ദക്ഷിണകൊറിയയുടെ ഗോൾ നേട്ടക്കാർ. റിക്കാർഡോ ഹോർതയിലൂടെ (5’) ആദ്യം ലീഡ് നേടിയശേഷമായിരുന്നു ഫിഫ ലോക ഒന്‍പതാം സ്ഥാനക്കാരായ പോർച്ചുഗലിന്റെ ഈ തോൽവി. ലോക റാങ്കിംഗിൽ 28-ാം സ്ഥാനക്കാരാണ് ദക്ഷിണകൊറിയ.
8. കാമറൂണ്‍ x ബ്രസീൽ (1-0): ഗ്രൂപ്പ് ജിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ഒന്‍പത് മാറ്റങ്ങളുമായാണ് കാമറൂണിന് എതിരേ ഇറങ്ങിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽവരെ ബ്രസീൽ സമനിലയിലായിരുന്നു. 90+2ാം മിനിറ്റിൽ വിൻസെന്റ് അബൂബക്കറിലൂടെ ഫിഫ ലോക ഒന്നാം നന്പറുകാരായ ബ്രസീലിനെ 43-ാം സ്ഥാനക്കാരായ കാമറൂണ്‍ അട്ടിമറിച്ചു.
എവിടെയോ എന്തോ പിശക് !
ഖത്തർ ലോകകപ്പ് ഫുട്ബോളിലെ ചില മത്സരങ്ങൾ കാണുന്പോൾ എവിടെയോ എന്തോ പിശക് ഉണ്ടോ എന്ന് സംശയം തോന്നിയാൽ തെറ്റുപറയാൻ സാധിക്കില്ല. കാരണം, അത്തരത്തിലാണ് ചില ടീമുകൾ മനപ്പൂർവം തോൽവി ക്ഷണിച്ചുവരുത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമും മൂന്ന് മത്സരങ്ങളിലും ജയം നേടിയില്ല. ഫ്രാൻസിനെ 0-1ന് ടുണീഷ്യ അട്ടിമറിച്ചപ്പോഴും പോർച്ചുഗലിനെ 1-2ന് ദക്ഷിണകൊറിയ മലർത്തിയടിച്ചപ്പോഴും ബ്രസീലിനെ 0-1ന് കാമറൂണ്‍ ഞെട്ടിച്ചപ്പോഴും പൊതുവായ ഒരു കാര്യം ശ്രദ്ധേയം. ഈ വന്പൻ ടീമുകൾ എല്ലാം തങ്ങളുടെ മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു. കാമറൂണിന് എതിരേ ഇറങ്ങിയ ബ്രസീൽ ടീമിൽ ഒന്‍പത് മാറ്റങ്ങളായിരുന്നു ടിറ്റെ വരുത്തിയത്.
ഫ്രാൻസ് ടുണീഷ്യക്ക് എതിരെ ഇറങ്ങിയപ്പോഴും മുൻനിര കളിക്കാർ സൈഡ് ബെഞ്ചിൽ ആയിരുന്നു. തോൽവി ഒഴിവാക്കാൻ ആൻത്വാൻ ഗ്രീസ്മാനെ ഇറക്കി ഗോൾ നേടിയെങ്കിലും ഓഫ് സൈഡിൽ അത് റദ്ദാക്കപ്പെട്ടു എന്നതും ശ്രദ്ധേയം. പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ളവർ ഇല്ലാതെയായിരുന്നു പോർച്ചുഗൽ ദക്ഷിണകൊറിയയ്ക്ക് എതിരേ ഇറങ്ങിയത്.
ചരിത്രത്തിലെ അട്ടിമറി ലോകകപ്പ് ആയി ഖത്തർ 2022
11:46 AM Dec 05, 2022 | Deepika.com