താലൂക്ക് അതിര്‍ത്തിയില്‍ ഏയ്ഞ്ചല്‍വാലിയിലും പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി വട്ടപ്പാറയിലും ഉരുള്‍പൊട്ടല്‍. വ്യാഴാഴ്ച ഉച്ചമുതല്‍ കിഴക്കന്‍ മേഖലയില്‍ രണ്ടര മണിക്കൂറോളം തിമിര്‍ത്തു പെയ്ത മഴയെ തുടര്‍ന്നാണ് മൂന്നരയോടെ ഈ പ്രദേശങ്ങളില്‍ വ്യത്യസ്ത ഉരുള്‍പൊട്ടലുകളുണ്ടായത്. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വളരെ പെട്ടെന്നാണുണ്ടായത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വെള്ളം കുതിച്ചൊഴുകി.
ഏയ്ഞ്ചല്‍വാലി, എഴുകുമണ്ണ് ഭാഗത്ത് എട്ട് പ്രദേശങ്ങളില്‍ ഉരുള്പൊട്ടിയിട്ടുള്ളതായി പറയുന്നു. 10 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും നശിച്ചു.
തുലാപ്പള്ളി വട്ടപ്പാറയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മേമുറിയില്‍ അരവിന്ദാക്ഷന്റെ വീടിനും സമീപത്തുള്ള കടക്കും ഉരുള്‍ പൊട്ടലില്‍ നാശമുണ്ടായി. കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് എറെ നാശനഷ്ടം. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടിലൂടെ വൈകുന്നേരം നാലോടെ ഉരുള്‍വെള്ളം കുതിച്ചെത്തുകയായിരുന്നു.
വട്ടപ്പാറ ജംഗ്ഷനില്‍ സിപിഎം ലോക്കല്‍ സമ്മേളന നഗറിലേക്ക് കുതിച്ചെത്തിയ മലവെള്ളം പരിഭ്രാന്തി പടര്‍ത്തി. വെളളത്തോടൊപ്പം കല്ലും മണ്ണും ഒഴുകിയെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തുനിന്നും ഓടി മാറിയതിനാലാണ് ആളപായം ഒഴിവായത്. സ്ഥലമാകെ കല്ലും മണ്ണും നിറഞ്ഞു കിടക്കുകയാണ്.
തുലാപ്പള്ളി ഭാഗത്ത് വന്‍തോതില്‍ എത്തിയ മലവെള്ളത്തില്‍ ആലപ്പാട്ട് പള്ളിയുടെ സമീപത്തെ തിട്ട ഇടിഞ്ഞു വീണു.ഏയ്ഞ്ചല്‍വാലി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം നേരിട്ടു. വീടുകള്‍ക്കു നാശനഷ്ടമുണ്ട്. ഏയ്ഞ്ചല്‍ വാലിയും തുലാപ്പള്ളിയും തമ്മില്‍ ആറു കിലോമീറ്ററിലേറെ ദൂരമുണ്ട്.
വ്യത്യസ്ത സ്ഥലങ്ങളിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് എത്തിയ ജലപ്രവാഹത്തില്‍ പമ്പാനദിയില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നു. കുരുമ്പന്‍മൂഴി കോസ്വേ വീണ്ടും വെള്ളത്തില്‍ മുങ്ങിയത് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി. ഇത്തവണത്തെ കാലവര്‍ഷക്കെടുതിയില്‍ എറെ ദിവസങ്ങളിലും കോസ്വേ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു.
ഏയ്ഞ്ചല്‍വാലിയില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു
വൈകുന്നേരം പെയ്ത മഴയില്‍ മൂക്കന്‍പെട്ടി അരുവിക്കല്‍ തോടും പൊയ്ക തോടുകളും കരകവിഞ്ഞ് ഒഴുകിയപ്പോള്‍ മൂന്നു വീടുകള്‍ പൂര്‍ണമായും അപകടഭീഷണിയിലായി.
പ്രദേശത്തുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ മാറ്റി പാര്‍പ്പിച്ചു.
വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് തോടുകളില്‍ ജലനിരപ്പുയര്‍ന്നത്. കല്ലും മണ്ണും കുത്തിയൊലിച്ച് മലവെള്ളപ്പാച്ചില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. മഴ ശമിച്ചിട്ടും തോടുകളിലെ ജലനിരപ്പ് താഴ്ന്നില്ല.
അരീക്കല്‍ ജോയിയുടെ വീട് നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. സമീപത്തെ രണ്ടു വീടുകളും അപകട ഭീഷണിയിലായതിനെത്തുടര്‍ന്ന് കുടുംബങ്ങ ളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് വാര്‍ഡ് അംഗങ്ങളായ മാത്യു ജോസഫ്, സുബി സണ്ണി എന്നിവര്‍ പറഞ്ഞു.
എരുമേലി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മനോജ് മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ജാഗ്രതാമുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് അമ്പതോളം കുടുംബ ങ്ങളെ എയ്ഞ്ചല്‍വാലി സെന്റ് മേരീസ് സ്കൂളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു.
നാലു ദിവസം മുമ്പ് മൂക്കന്‍പെട്ടി അരുവിക്കല്‍ തോട്ടില്‍ ഉരുള്‍പൊട്ടലിന്റെ രീതിയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുകയും പ്രദേശത്തെ ഒരു കിണര്‍ മണ്ണിനടിയില്‍ താഴ് ന്നു പോവുകയും ചെയ്തിരുന്നു.
ഏയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍; വീടുകള്‍ക്കു നാശനഷ്ടം
09:55 AM Oct 29, 2021 | Deepika.com