ഭൂഗോളത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഒളിന്പിക്സിന്റെ ജാപ്പനീസ് പതിപ്പ് കൊടിയിറങ്ങി. 2024ലെ പാരീസ് ഒളിന്പിക്സ് മധുരത്തിനായാണ് ലോകം ഇനി കാത്തിരിക്കുന്നത്. ടോക്കിയോയ്ക്ക് നന്ദിയറിയിച്ച്, പാരീസിൽ കാണാമെന്ന വിശ്വാസത്തോടെ കായിക ലോകം വിടചൊല്ലി...
പതിവുപോലെ ഒളിന്പിക്സിന്റെ ശേഷിപ്പുകൾ ടോക്കിയോയുടെ മണ്ണിലും ബാക്കിനിൽക്കുമോ എന്നാണു ചോദ്യമെങ്കിൽ, ഉത്തരം ഇല്ലെന്നുതന്നെ. ചോദ്യം പ്രസക്തം കാരണം, റിയോ ഡി ഷാനെറോയിലും ബെയ്ജിംഗിലുമെല്ലാം കായികതാരങ്ങൾ താമസിച്ച ഒളിന്പിക്സ് വില്ലേജുകൾ പിന്നീട് ഉപേക്ഷിക്കപ്പെട്ടു.
ബെയ്ജിംഗ് ഒളിന്പിക്സ് വില്ലേജിന്റെ തുരുന്പെടുത്തതും മറ്റുമായ നിർജീവ ചിത്രങ്ങൾ പുറംലോകം കണ്ടതാണ്. റിയോയിൽ സംഭവിച്ചതു മറ്റൊന്ന്, സുരക്ഷാകാരണങ്ങളാൽ റിയോയിലെ ഒളിന്പിക് വില്ലേജ് അടച്ചുപൂട്ടി.
എന്നാൽ, ജപ്പാൻ ഇതിൽനിന്നെല്ലാം വ്യത്യസ്തം. ഒളിന്പിക്സ് ആരംഭിക്കുന്നതിനു മുന്പുതന്നെ ഒളിന്പിക്സ് വില്ലേജ് ഉൾപ്പെടെയുള്ളവ എങ്ങനെ പുനരുപയോഗിക്കാം എന്നതിൽ ജാപ്പനീസ് അധികൃതർക്കു കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു.
അതിൽ ഏറ്റവും പ്രധാനമായിരുന്നു ഒളിന്പിക് വില്ലേജിന്റെ രൂപമാറ്റം. ഒളിന്പിക് വില്ലേജ് പൊതുജനങ്ങൾക്കു താമസിക്കാനായി മാറ്റപ്പെടും. അതായത് ഒളിന്പിക്സ് വില്ലേജിലെ പടുകൂറ്റൻ ബഹുനില കെട്ടിടങ്ങളിലേക്കു ജാപ്പനീസ് കുടുംബങ്ങൾ എത്തുമെന്നു ചുരുക്കം.
വോളിബോൾ മത്സരങ്ങൾക്കായി നിർമിച്ച അര്യേക് അരീന സാംസ്കാരിക കേന്ദ്രമായാണു മാറ്റപ്പെടുന്നത്. ജാപ്പനീസ് തനതുകലയുടെ ഈറ്റില്ലമായി അര്യേക് അരീന രൂപാന്തരപ്പെടും. അതുപോലെ ജൂഡോ മത്സരങ്ങൾ അരങ്ങേറിയ ദ നിപ്പോൺ ബുഡോകാനിൽ മുന്പ് ലോക പ്രശസ്ത പോപ് സംഗീത ബാൻഡുകൾ തരംഗം സൃഷ്ടിച്ചിട്ടുള്ളതാണ്.
അബ്ബ, ബീറ്റിൽസ് തുടങ്ങിയവയുടെ മിന്നും സംഗീത വിരുന്ന് ബുഡോകാനിൽ അരങ്ങേറിയിട്ടുണ്ടെന്നതു ചരിത്രം. ആ വഴിയിലേക്കു ബുഡോകാൻ വീണ്ടും തിരിയും. 1964ൽ നിർമിക്കപ്പെട്ട ടോക്കിയോ ഒളിന്പിക് സ്റ്റേഡിയം കായിക, കലാ മാമാങ്കങ്ങൾക്കായി വീണ്ടും മുഖംമിനുക്കും. ചുരുക്കത്തിൽ ഒളിന്പിക്സിന്റെ ശേഷിപ്പുകളെല്ലാം ജാപ്പനീസ് ജനതയുടെ ദൈനംദിന ജീവിതത്തിനൊപ്പം വരുംനാളുകളിലുമുണ്ടാകും.
ഇനി പാരീസ് മിഠായി
11:10 AM Aug 09, 2021 | Deepika.com