ഇന്ത്യക്കു വീണ്ടും ഗുസ്തിപിടിച്ച് മെഡൽ. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ വെങ്കലമെഡൽ മത്സരത്തിൽ ലോക രണ്ടാം റാങ്കുകാരനായ ബജ്റംഗ് പൂനിയ കസാഖിസ്ഥാന്റെ ദൗലത് നിയാസ്ബെകോവിനെ 8-0ന് മലർത്തിയടിച്ചു, ടോക്കിയോയിൽനിന്ന് ഇന്ത്യയുടെ ആറാം മെഡൽ. ഒളിന്പിക് ഗുസ്തിയിൽ ഇന്ത്യക്കു ഏഴാം മെഡലാണിത്.
65 കിലോഗ്രാം വിഭാഗത്തിൽ ലോകത്തെ മൂന്നാം സ്ഥാനക്കാരനായ നിയാസ്ബെകോവ് രണ്ടു തവണ ലോക ചാന്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുണ്ട്. ഇതിൽ 2019ലെ ചാന്പ്യൻഷിപ്പിൽ വെള്ളിയും കസാഖ് താരത്തിനായിരുന്നു.
ആദ്യ റൗണ്ടിന്റെ തുടക്കത്തിൽ കസാഖ് താരത്തിന്റെ ആക്രമണമായിരുന്നു. പൂനിയയെ സർക്കിളിനു വെളിയിലേക്കു തള്ളിവിടാൻ നോക്കിക്കൊണ്ടിരുന്നു. ഇന്ത്യൻതാരവും വിട്ടുത്തില്ല. പൂനിയ ആദ്യ പോയിന്റ് നേടി. ആദ്യ റൗണ്ട് അവസാനിക്കാറായപ്പോൾ ദൗലത്തിനെ തള്ളി പുറത്താക്കി അടുത്ത പോയിന്റും സ്വന്തമാക്കി.
രണ്ടാം റൗണ്ടിൽ ദൗലത്ത് പ്രതിരോധിച്ചു കളിച്ചു. ഒരിക്കൽക്കൂടി കസാഖ് താരത്തെ മലർത്തിയടിച്ച് രണ്ടു പോയിന്റ് കൂടി ബജ്റംഗ് സ്വന്തമാക്കി. അവസാന സെക്കൻഡുകളിൽ രണ്ടു പോയിന്റ് കൂടി ഇന്ത്യൻ താരത്തിനു ലഭിച്ചതോടെ പൂനിയ 8-0ന് ജയിച്ചു.
വെങ്കല ഗുസ്തി
11:53 AM Aug 08, 2021 | Deepika.com