ഒളിന്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ മനു ഭാകറിനും യശസ്വിനി സിംഗ് ദേസ്വാളിനും ഫൈനലിൽ പ്രവേശിക്കാനായില്ല.
തോക്കിനേറ്റ സാങ്കേതിക പിഴവ് മനുവിന് സമയം നഷ്ടപ്പെടുത്തി. യോഗ്യതാ മത്സരത്തിലെ രണ്ടാംഘട്ടത്തിൽ ഇലക്ട്രിക് ട്രിഗറിനേറ്റ തകരാർ താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. കേടുപാട് തീർക്കുന്നതിനും അതിനായി ജൂറിയെ കാണുന്നതിനുമായി 20 മിനിറ്റോളം വേണ്ടിവന്നു.
തിരിച്ചെത്തിയ മനുവിന് അവസാന ഷോട്ടിൽ പത്ത് പോയിന്റ് നേടാനായിരുന്നെങ്കിൽ ഫൈനലിൽ പ്രവേശിക്കാമായിരുന്നു. എന്നാൽ, എട്ട് പോയിന്റേ നേടാനായുള്ളൂ. 577 പോയിന്റുമായി താരം 12-ാം സ്ഥാനത്തെത്തി. യശസ്വിനിക്ക് 574 പോയിന്റുമായി 13-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ദീപക് കുമാറിനും ദിവ്യാൻഷ് സിംഗ് പൻവാറിനും ഫൈനലിൽ പ്രവേശിക്കാനായില്ല. ദീപക് കുമാർ (624.7 പോയിന്റ്) 26-ാമതും പൻവാർ (622.8 പോയിന്റ്) 32-ാമതും ഫിനിഷ് ചെയ്തു.
പുരുഷ സ്കീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതീക്ഷകളുമായി ഇന്ത്യയുടെ അൻഗാദ് വീർ സിംഗ് ബാജ്വയും മിറാജ് അഹമ്മദ് ഖാനും ഇറങ്ങും. ബാജ്വ 73 പോയിന്റുമായി 11-ാമതും ഖാൻ 71 പോയിന്റുമായി 25-ാമതുമാണ്.
ലക്ഷ്യം പിഴച്ച ഷൂട്ടിംഗ്
11:26 AM Jul 26, 2021 | Deepika.com