ടോക്കിയോ ഒളിന്പിക്സിന്റെ രണ്ടാം ദിനം മെഡൽ പ്രതീക്ഷകളുണ്ടായിരുന്ന ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സൗരഭ് ചൗധരിക്ക് ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
താരത്തിന്റെ ആദ്യ ഒളിന്പിക്സാണിത്. യോഗ്യതാ റൗണ്ടിൽ 586 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയ സൗരഭിന് ഫൈനലിൽ ആ മികവ് പുലർത്താനായില്ല. സഹതാരം അഭിഷേക് വർമയ്ക്കു എട്ടു പേരുടെ ഫൈനലിൽ പ്രവേശിക്കാനും സാധിച്ചില്ല.
ഇറാന്റെ ഫൊറോഗി ജാവേദ് 244.8 പോയിന്റുമായി സ്വർണം നേടി. സെർബിയയുടെ മികെക് ഡാമിറിനാണ് വെള്ളി. ചൈനയുടെ പാംഗ് വെയ് വെങ്കലം കരസ്ഥമാക്കി.
നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നന്പർ താരം ഇളവേനിൽ വാളറിവനും ലോക റിക്കാർഡ്താരം അപൂർവി ചന്ദേലയും ഫൈനൽ യോഗ്യത നേടാൻ സാധിക്കാതെ പുറത്തായിരുന്നു. യോഗ്യതാ റൗണ്ടിൽ 626.5 പോയിന്റുമായി ഇളവേനിൽ 16-ാം സ്ഥാനത്തും ചന്ദേല 621.9 പോയിന്റുമായി 36-ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഷൂട്ടിംഗിൽ നിരാശ
11:44 AM Jul 25, 2021 | Deepika.com