ടോക്കിയോ: ടോക്കിയോ 2020 ഒളിന്പിക്സിന്റെ മുദ്രാവാക്യം രാജ്യാന്തര ഒളിന്പിക് കമ്മിറ്റി (ഐഒസി) പരിഷ്കരിച്ചു. ഒരുമിച്ച് എന്ന വാക്യംകൂടി ഉൾപ്പെടുത്തിയാണു മുദ്രാവാക്യം പരിഷ്കരിച്ചത്.
വേഗത്തിൽ ഉയരത്തിൽ കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിന്പിക്സിലെ പുതിയ മുദ്രാവാക്യം. ഇന്നലെ ടോക്കിയോയിൽ ചേർന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നതു കൂട്ടിച്ചേർത്ത് മാറ്റത്തിന് അംഗീകാരം നൽകിയത്. ലോകം കോവിഡ് മഹാമാരിയിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് ഒരുമിച്ച് എന്ന വാക്കുകൂടി ഒളിന്പിക്സിന്റെ മുദ്രാവാക്യത്തോടു കൂട്ടിച്ചേർത്തത്.
സൈറ്റസ് (വേഗത്തിൽ), ആൽറ്റിയസ് (ഉയരത്തിൽ), ഫോർടിയസ് (കരുത്തോടെ) എന്നിങ്ങനെ മൂന്നു ലാറ്റിൻ വാക്കുകളാണു നേരത്തെ ഉപയോഗിച്ചിരുന്നത്. ഒന്നിച്ച് എന്ന വാക്ക് കൂട്ടിച്ചേർക്കാനുള്ള നിർദേശം ഐഒസി പ്രസിഡന്റ് തോമസ് ബാക് മുന്നോട്ടുവച്ചു. എക്സിക്യൂട്ടീവ് ബോഡി അത് അംഗീകരിച്ചു.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഒളിന്പിക്സ് അരങ്ങേറാനൊരുങ്ങുന്നത്. ഗെയിംസ് വില്ലേജിൽ അടക്കം കോവിഡ് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിനെതിരായ പ്രതിരോധം തീർത്ത് ഒളിന്പിക്സ് മിഴി തുറക്കാൻ രണ്ട് ദിനം മാത്രമാണ് ഇനി ശേഷിക്കുന്നത്.
ഒരുമയുടെ ഒളിന്പിക്സ്
01:50 PM Jul 21, 2021 | Deepika.com