ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ബോക്സിംഗ് ഇതിഹാസം മേരി കോമും പുരുഷ ഹോക്കി നായകന് മന്‍പ്രീത് സിംഗും ഇന്ത്യയുടെ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം 23നാണ് ഒളിന്പിക്സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിലെ സമാപന ചടങ്ങില്‍ ബജ്രംഗ് പൂനിയ പതാക വഹിക്കും.
126 അത്ലറ്റുകളും 75 ഒഫീഷല്സും ഉള്‍പ്പെടെ 201 പേരുടെ സംഘമാണ് ഒളിമ്പിക്സിനായി യാത്രയാകുന്നത്. സംഘത്തില്‍ 56 ശതമാനം പുരുഷന്മാരും 44 ശതമാനം സ്ത്രീകളുമുണ്ടെന്ന് ഐഒഎ അറിയിച്ചു. 85 മെഡലുകളിലേക്കാണ് ഇന്ത്യന്‍ അത്ലറ്റുകള് മത്സരിക്കുക.
ഇന്ത്യയുടെ 26 അംഗങ്ങളുടെ അത്ലറ്റിക്സ് ടീമിനെ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. ഇതില്‍ ഏഴുപേര്‍ മലയാളികളുണ്ട്. എം. ശ്രീശങ്കര്‍ (ലോംഗ് ജംപ്), എം.പി. ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), കെ.ടി. ഇര്ഫാന് (20 കിലോമീറ്റര്‍ നടത്തം), മുഹമ്മദ് അനസ്, അമോജ് ജേക്കബ്, നോഹ് നിര്‍മല്‍ ടോം (4x400 മീറ്റര്‍ റിലേ), അലക്സ് ആന്റണി( 4x400 മിക്സഡ് റിലേ) എന്നിവരാണ് ഇന്ത്യൻ അത്ലറ്റിക്സ് ടീമിലെ മലയാളികൾ.
ഒളിമ്പിക്സ്: മേരി കോമും മന്‍പ്രീത് സിംഗും പതാകയേന്തും
01:33 PM Jul 21, 2021 | Deepika.com