+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കപ്പയിലയ്ക്കു കനകകാന്തി നല്‍കി ജെപി

ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്‍കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്. 2010ല്‍ മരച്ചീനി ഇലയില്‍ നിന്നു തയാറാക്കിയ സൗഹൃദകിടനാശിനികളുമായി വിളസംരക്ഷണത്
കപ്പയിലയ്ക്കു കനകകാന്തി നല്‍കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്‍കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്. 2010-ല്‍ മരച്ചീനി ഇലയില്‍ നിന്നു തയാറാക്കിയ സൗഹൃദകിടനാശിനികളുമായി വിളസംരക്ഷണത്തിനെത്തിയതോടെയാണു ജെപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോ. സി. എ. ജയപ്രകാശ് ശ്രദ്ധേയനായത്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സ്ഥാപനമായ തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ഡോ. ജയപ്രകാശ്. നന്മ, മേന്മ, ശ്രേയ എന്നീ മൂന്നു ജൈവ കീടനാശിനികളാണ് അദ്ദേഹം കര്‍ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

എന്നാല്‍, വാഴയിലെ തടതുരപ്പന്‍ പുഴുവും ഇലതീനിപ്പുഴുവും മാണവണ്ടും മാണപ്പുഴുവും ഇലച്ചെള്ളും, മുളക്, പയര്‍, തക്കാളി, പാവല്‍, പടവലം, ചുരയ്ക്ക, കോവല്‍, കത്തിരി, വഴുതന, ചേന തുടങ്ങിയവയിലെ ഉപദ്രവകാരികളായ വിവിധ കീടങ്ങളും നന്മയുടെയും മേന്മയുടെയും മുന്നില്‍ തോറ്റു തുന്നം പാടി. ഇതോടെ കൃഷിവകുപ്പും വി.എഫ്.പി.സി.കെയും കേരള കാര്‍ഷികസര്‍വകലാശാലയുമൊക്കെ നന്മയുടെയും മേന്മയുടെയും ശ്രേയയുടെയും പ്രചാരകരുമായി.

ഐ.എസ്.ആര്‍.ഒ ഡിസൈന്‍ ചെയ്ത ഒരു പ്ലാന്റ് കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലുണ്ട്. ഇതിന്റെ സഹായത്തോടെയാണു മരച്ചീനി ഇലയില്‍ നിന്ന് കീടനാശിനി സത്തായ സയനോജെന്‍ വേര്‍തിരിച്ചെടുത്തത്. ഇലകള്‍ക്കു പുറമെ കിഴങ്ങിന്റെ തൊലിയും കീടനാശിനി നിര്‍മിതിക്ക് ഉപയോഗിക്കാം. ഒരു ഹെക്ടറില്‍ മരച്ചീനി കൃഷി ചെയ്യുമ്പോള്‍ ഇത്തര ത്തില്‍ ഇലകളും കിഴങ്ങിന്റെ തൊലിയും ഉള്‍പ്പെടെ 5 ടണ്ണോളം ബയോവേസ്റ്റ് വരുമെന്നാണ് കണക്ക്. ഈ ബയോവേസ്റ്റില്‍ നിന്നാണ് ഡോ. ജയപ്രകാശും സംഘവും മൂന്ന് ജൈവകീടനാശിനികളും നിര്‍മിച്ചത്. ഇതു കേരളത്തില്‍ മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ എത്തി.

ജൈവകീടനാശിനികള്‍ പാടത്തും പറമ്പിലും വിജയഗാഥ രചിച്ചുകൊണ്ടിരിക്കെയാണു ജെ.പി.ക്ക് മറ്റൊരു സംശയമുണ്ടായത്. ജൈവകീടനാശിനി നിര്‍മിക്കുമ്പോള്‍ ബാക്കി വരുന്ന ഇലക്കുഴമ്പിന് (സ്ലറി) മറ്റെന്തെങ്കിലും ഉപയോഗം ഉണ്ടാകില്ലേ? സ്ലറിയില്‍ ഹരിതഗൃഹവാതകമായ മീഥെയിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള മെഥനോജനറ്റിക്ക് ബാക്റ്റീരിയ ഉണ്ടാകാന്‍ സാധ്യതയില്ലേ എന്നും അദ്ദേഹം ചിന്തിച്ചു. സാധാരണഗതിയില്‍ ഇലകളില്‍ നിന്ന് വാതകം ഉത്പാദിപ്പിക്കുക അത്ര എളുപ്പമല്ല. കാരണം അവയിലുള്ള സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്‌നിന്‍ ഇവയൊന്നും ജൈവവാതക ഉത്പാദനത്തിന് അനുകൂലവുമല്ല.

എങ്കിലും കീടനാശിനി ഉത്പാദനത്തിനുവേണ്ടി പ്ലാന്റില്‍ അരച്ചു കഴിഞ്ഞ് സ്ഥിതിക്ക് ഇലകളുടെ ഘടനയ്ക്കു എന്തെങ്കിലും സാരമായ മാറ്റങ്ങള്‍ വന്നുകൂടായ്കയില്ലല്ലോ. ഇലയ്ക്ക് സംഭവിച്ചിരിക്കാവുന്ന ഈ പരിണാമവേളയില്‍ ഒരു പക്ഷെ മീഥെയില്‍ ഉത്പാദകരായ മെഥനോജനറ്റിക്ക് ബാക്റ്റീരിയയ്ക്കു ഇലകളില്‍ കടന്നു കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലല്ലോ. ഗവേഷണ കേന്ദ്രത്തിലെ കെമിസ്റ്റായ ഡോ. രാജേശ്വരിയും ജെപി യുടെ ഈ സംശയം ന്യായീകരിക്കുകയാണ് ചെയ്തത്.

കൂടുതല്‍ വ്യക്തതയ്ക്കായി തിരുവനന്തപുരത്ത് പാപ്പനംകോടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സീനിയര്‍ മൈക്രോബയോളജിസ്റ്റായ ഡോ. കൃഷ്ണകുമാറിനെ സമീപിച്ചു.

ബയോഗ്യാസ് ഉണ്ടാക്കാന്‍ വളരെ സാധ്യതയുള്ള അസംസ്‌കൃത വസ്തുവാണ് സ്ലാറിയെന്നും ഇതില്‍ മീഥെയിന്‍ ഉത്പാദക ബാക്റ്റീരിയയുടെ തോത് ഏകദേശം 60 ശതമാനത്തോളം വരുമെന്നുമുള്ള ഡോ. കൃഷ്ണകുമാറിന്റെ അഭിപ്രായം ഡോ. ജയപ്രകാശിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വൈകിയില്ല, ഗവേഷണസ്ഥാപനത്തില്‍ തന്നെ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് മരച്ചീനി ഇലയുടെ സ്ലറിയില്‍ നിന്ന് ഇന്ധനം ഉത്പാദനം തുടങ്ങുകയും ചെയ്തു. ജെപിയുടെ ഗവേഷണ സപര്യയിലെ രണ്ടാം വിജയം.


കറണ്ട് ജെപി

മരച്ചീനിയെ വീണ്ടും സംശയദൃഷ്ടിയോടെ വീക്ഷിച്ച ജെപി തുടര്‍പഠനങ്ങളുടെ ഭാഗമായി ഡല്‍ഹി ഐഐടിയില്‍ എത്തി അവിടുത്തെ ഡീനും സഹപാഠിയുമായ ഡോ. സുനില്‍ ഖരെയെ സന്ദര്‍ശിച്ചു. മരച്ചീനിയിലയില്‍ നിന്നുത്പാദിപ്പിച്ച ബയോഗ്യാസ് കംപ്രസ് ചെയ്യാന്‍ പറ്റുമോ എന്നറിയാനായിരുന്നു ശ്രമം. ഡോ. ഖരെ ജെപിയെ ഐഐടിയിലെ റൂറല്‍ ടെക്‌നോളജി വിഭാഗം തലവന്‍ ഡോ. ചന്ദ്രശേഖരനെ പരിചയപ്പെടുത്തി. ഐഐടി കാമ്പസിലെ അവശിഷ്ടങ്ങളില്‍ നിന്ന് തയാറാക്കിയ ഗ്യാസ് ഭീമന്‍ ബലൂണുകളില്‍ നിറച്ചു നിര്‍ത്തിയിരിക്കുന്ന കാഴ്ച ജെപിയെ വല്ലാതെ ആകര്‍ഷിച്ചു.

ബയോഗ്യാസില്‍ മീഥെയിനു പുറമേ കാര്‍ബണ്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, ജലാംശം എന്നിവയുമുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഇവയുടെ മിശ്രിതമായതുകൊണ്ടുതന്നെ മീഥെയിന് അതിന്റെ പൂര്‍ണ ഇന്ധനശേഷി പ്രകടിപ്പിക്കാന്‍ കഴിയാറില്ല. മീഥെയിനൊഴികെ ബാക്കി മൂന്നും നീക്കിയാല്‍ മീഥെയിന്‍ കൂടുതല്‍ ശക്തിമാനാകുമെന്നും അദ്ദേഹം കണ്ടെത്തി. സ്‌ക്രബ്ബിംഗ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്.

ഏറെത്താമസിയാതെ മുംബൈയിലെ ഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് മരച്ചീനിയിലയിലെ പ്രവ ര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഡോ. ജയപ്രകാശിന് അവസരം കിട്ടി. ജെപിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ബാര്‍ക്ക് ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ തുടര്‍നടപടികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ആ തുക ജെപി കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തുടങ്ങി.

അടുത്ത യാത്ര മണ്ണുത്തി കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയലേക്കായിരുന്നു. അവിടെയുണ്ടായിരുന്ന 30 ഘനമീറ്റര്‍ വ്യാപ്തിയുള്ള ബയോഗ്യാസ് പ്ലാന്റില്‍ ജെപിയുടെ ശ്രദ്ധ പതിച്ചു. അതില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നതായിരുന്നു പ്രത്യേകത. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. വൈദ്യുതി ഉല്പാദനത്തിന് സഹായിക്കുന്ന ജനറേറ്റര്‍ ഡിസൈന്‍ ചെയ്ത തൃശൂര്‍ക്കാരന്‍ ഫ്രാന്‍സിസ് എന്ന മെക്കാനിക്കിനെ അവര്‍ ജെ. പിക്കു പരിചയപ്പെടുത്തി.

ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജനറേറ്റര്‍ വാങ്ങി നല്‍കിയാല്‍ ബയോഗ്യാസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് ആ മെക്കാനിക്ക് ജെപിക്ക് വാക്ക് നല്‍കി. ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി എങ്കിലും ഈ ബയോഗ്യാസില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയണമെന്നു മാത്രമായിരുന്നു ജെപിയുടെ ഡിമാ ന്‍ഡ്.

എന്നാല്‍, ഇന്നിപ്പോള്‍ ഒരേസമയം നിരവധി ട്യൂബ്‌ലൈറ്റുകള്‍ മരച്ചീനിയില്‍ നിന്നുത്പാദിപ്പിച്ച വൈദ്യുതി കൊണ്ട് നിറഞ്ഞു കത്തുന്നു. മാത്രമല്ല, കട്ടറും മിക്‌സിയും ഒക്കെ അനായാസം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ അറ്റോമിക് എനര്‍ജി വകുപ്പിന്റെ സഹായത്തോടെ യാഥാര്‍ഥ്യമായ ഈ വെളിച്ചത്തിന് ഡോ. ജയപ്രകാശും സംഘവും ഇഅടടഅ ഉശുവമ അഥവാ കസാ ദീപം എന്നു പേരു നല്‍കി. മരച്ചീനിയുടെ പേരായ കാസവയുടെ ചുരുക്കെഴുത്താണ് കസാ എന്നത്. ദീപം എന്നത് പ്രകാശവും. ഫോണ്‍: 9446306909

സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ അഫീസര്‍ (റിട്ട.), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ