+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂട്ടില്‍ കായ്ച്ചു രുചി പകരം മൂട്ടിപ്പഴം

മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്‍റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വനാന്തരങ്ങളില്‍ കാണപ്പെടുന്ന മൂട്ടി മരത്തിന്റെ ചുവട് ഭാഗത്താണ് (മൂട്) പഴങ്ങള്‍ ഉണ്
മൂട്ടില്‍ കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്‍റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വനാന്തരങ്ങളില്‍ കാണപ്പെടുന്ന മൂട്ടി മരത്തിന്റെ ചുവട് ഭാഗത്താണ് (മൂട്) പഴങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍, നാട്ടില്‍ വളരുന്നവയുടെ ചുവട്ടില്‍ മാത്രമല്ല, മുകള്‍ ഭാഗത്തും കായുണ്ടാകും. എന്നാല്‍, കൂടുതലും ചുവട് ഭാഗത്ത് തന്നെ.

പൂത്തു തുടങ്ങി കായ്കള്‍ തീരുന്നതുവരെയുള്ള സമയത്ത് ഈ മരം കാണാന്‍ നല്ല ഭംഗിയാണ്. അധികം ഉയരത്തിലോ പടര്‍ന്നോ വളരില്ല. ഏറിയാല്‍ അഞ്ചോ ആറോ മീറ്റര്‍ ഉയരം. വളര്‍ച്ചയെത്തിയ മരത്തിന്റെ ചുവടിന് 20-25 ഇഞ്ച് വണ്ണം. പഴത്തിന് പൊതുവേ ചെറുപുളിയും നേരിയ മധുരവുമാണെങ്കിലും ഓരോ മരത്തിലെയും പഴത്തിന് നേരിയ വ്യത്യാസങ്ങളുണ്ടാകും. പച്ചകായ്കള്‍ സമൂലം അച്ചാറിടാന്‍ ഉപയോഗിക്കുന്നുണ്ട്. പഴുത്ത കായുടെ തൊണ്ടും അച്ചാറിന് ഉപയോഗിക്കുന്നുണ്ട്.

വലിയ നെല്ലിക്കായുടെ വലുപ്പമുണ്ട് കായ്കള്‍ക്ക്. ഒരു കുലയ്ക്ക് ശരാശരി 25 സെ.മീ. നീളവും 10-20 വരെ കായ്കളും ഉണ്ടാകും. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു മരത്തില്‍ നിന്ന് 50 കിലോ വരെ വിളവ് ലഭിക്കും. നന്നായി പഴുത്ത കായ്കള്‍ ഒരാഴ്ചയിലധികം സൂക്ഷിച്ചു വയ്ക്കാം. പഴുത്തു തുടങ്ങുന്നതിന് മുന്‍പ് പറിച്ചെടുത്താല്‍ രണ്ട് ആഴ്ചയിലധികവും.


അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയൊന്നും ഇതിന്‍റെ കായ്കള്‍ തിന്നാറില്ല. പഴമുണ്ടായിക്കിടക്കുന്ന മരത്തിന്റെ ഭംഗി കണ്ട് പലരും വീട്ടു പരിസരത്ത് മൂട്ടിമരം വച്ചു പിടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മൂട്ടിപ്പഴം ആദ്യമായി കണ്ടെത്തിയതും ഉപയോഗിച്ചതും പുറം ലോകത്തെത്തിച്ചതും ആദിവാസികളാണ്.

കൃഷിരീതി

സാധാരണ വിത്ത് പാകി കിളിര്‍ പ്പിച്ച തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ജാതി പോലെ മൂട്ടിയിലും ആണ്‍-പെണ്‍ മരങ്ങളുണ്ട്. ഒരു ചുവട് മാത്രമേ നട്ട് പിടിപ്പിക്കുന്നുള്ളൂ വെങ്കിലും മൂന്നു നാലു തൈകള്‍ ഒരുമിച്ചു ഒറ്റക്കുഴിയില്‍ നടുകയും വളരു ന്നതിനനുസരിച്ച് പിണച്ചുകെട്ടി നിറുത്തുകയും വേണം. പിണച്ചുകെട്ടുന്ന ഭാഗം പിന്നീട് ഒറ്റതടിയായി മാറും. ഇവയില്‍ ആണ്‍-പെണ്‍ മരങ്ങള്‍ ഉണ്ടായിരിക്കുകയും നല്ല കായഫലവും ലഭിക്കുകയും ചെയ്യും. ഫോണ്‍:9645033622.

ജോസ് മാധവത്ത്