+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍

മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വാഴത്തോട്ടം. രസകദളി, റോബസ്റ്റ, നേന്ത്രന്‍ തുടങ്ങി എല്ലാ ഇനങ്ങളും. ഡ്രാഗണ്‍ ഫ്രൂട്
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വാഴത്തോട്ടം. രസകദളി, റോബസ്റ്റ, നേന്ത്രന്‍ തുടങ്ങി എല്ലാ ഇനങ്ങളും. ഡ്രാഗണ്‍ ഫ്രൂട്ടും ആത്തപ്പഴവും സപ്പോട്ടയും പാഷന്‍ ഫ്രൂട്ടുമെല്ലാം മറ്റൊരിടത്ത്. 50 സെന്റില്‍ കന്നുകാലി ഫാം. അവിടെ വെച്ചൂര്‍ ഇനത്തില്‍പ്പെട്ട രണ്ടു പശുക്കളും രണ്ടു കിടാരികളും.

തൊട്ടപ്പുറത്ത് ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട 30 ഓളം മുട്ടക്കോഴികള്‍. സദാ ശബ്ദമുണ്ടാക്കുന്ന നാലു വാത്തകള്‍. 10 മലബാറി ആടുകള്‍... പൊന്നു വിളയുന്നു ഈ ഏഴ് ഏക്കര്‍ ഭൂമിയില്‍. എല്ലാം കേരളത്തിന്റെ രാജ്ഭവന് സ്വന്തം. കാരണഭൂതന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കണ്ണന്‍ പ്രിയപ്പെട്ടവന്‍

വെറ്ററിനറി സര്‍വകലാശാലയില്‍ നിന്ന് രാജ്ഭവനിലെത്തിച്ച രണ്ടു വെച്ചൂര്‍ പശുക്കളും കിടാരികളും ഗവര്‍ണറുടെ ഓമനകളാണ്. നാലിനും വിളിപ്പേരുമുണ്ട്. കല്യാണിയും മണിക്കുട്ടിയുമാണ് പശുക്കള്‍. കൗസ്തുവും കണ്ണനും കിടാരികള്‍ ഇവയില്‍ ഗവര്‍ണര്‍ക്ക് അല്പം ഇഷ്ടക്കൂടുതല്‍ കണ്ണനോടാണ്. എല്ലാ ദിവസവും വൈകുന്നേരം കണ്ണനെ ഓമനിക്കാന്‍ അദ്ദേഹം ഫാമില്‍ എത്തും.


കൈയില്‍ ഒരു ചപ്പാത്തിയുമുണ്ടാവും. ഗവര്‍ണര്‍ എത്തുമ്പോള്‍ തന്നെ അവന്‍ തലപൊക്കി നോക്കും. അവനുറപ്പാ, എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടാവും. തലയില്‍ തലോടി ചപ്പാത്തിയും കൊടുത്ത ശേഷമേ ഗവര്‍ണര്‍ മടങ്ങാറുള്ളൂ. വെച്ചൂര്‍ പശുക്കളുടെ പാലാണ് രാജ്ഭവനില്‍ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിവായി ഉപയോഗിക്കുന്നത്. തീരെ കുഞ്ഞായിരുന്നപ്പോള്‍ രാജ്ഭവനില്‍ കൊണ്ടുവന്ന കണ്ണനും കൗസ്തുവിനും ഒന്നരവയസ് കഴിഞ്ഞു.

പച്ചക്കറി കൃഷി പൂര്‍ണമായും ജൈവ രീതിയിലാണ്. രാജ്ഭവനില്‍ ഉപയോഗിക്കുന്നതിന്‍റെ ഏറിയപങ്കും ഇവിടെ നിന്നാണു ശേഖരിക്കുന്നത്. തോട്ടത്തില്‍ തന്നെ വിളയുന്ന വെണ്ടയ്ക്കയും പീച്ചിങ്ങയുമാണ് ഗവര്‍ണറുടെ ഇഷ്ട വിഭവങ്ങള്‍. വാഴപ്പഴങ്ങളില്‍ രസകദളിയാണ് രാജ്ഭവനില്‍ കൂടുതല്‍ ഉയോഗിക്കുന്നത്. പച്ചക്കറി വിളവെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ പുതുകൃഷിക്കായി വിത്തിട്ടു കഴിഞ്ഞു.

ഗവര്‍ണറുടെ നിര്‍ദേശമനുസരിച്ച് ജനുവരി രണ്ടാമത്തെ ആഴ്ചയാണ് മലബാറി ഇനത്തില്‍പ്പെട്ട ആടുകളെ രാജ്ഭവനില്‍ കൊണ്ടുവന്നത്. ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട 30 ഓളം കോഴികളില്‍ നിന്ന് ദിനംപ്രതി 20 മുട്ടകള്‍ വരെ ലഭിക്കും. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് രാജ്ഭവനില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷി വ്യാപകമായിക്കത്.

തോമസ് വര്‍ഗീസ്