+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിഴക്കിന്‍റെ വെനീസിലെ ചെണ്ടുമല്ലി പൂക്കളുടെ വിശേഷങ്ങൾ

ആലപ്പുഴയിലെ നഗരകാഴ്ചകൾക്ക് അതിമധുരം നൽകി വർണങ്ങൾ വാരിവിതറുകയാണു ചെണ്ടുമല്ലി പൂക്കൾ. നഗരത്തിലെ ഭൂരിഭാഗം വരുന്ന ചൊരിമണൽ പ്രദേശങ്ങൾക്കും നീർവാർച്ച കുറഞ്ഞ ചതുപ്പുകൾക്കുമൊക്കെ പറയാൻ ഇന്നു കൃഷിഗാഥകൾ അനവധ
കിഴക്കിന്‍റെ വെനീസിലെ ചെണ്ടുമല്ലി പൂക്കളുടെ വിശേഷങ്ങൾ
ആലപ്പുഴയിലെ നഗരകാഴ്ചകൾക്ക് അതിമധുരം നൽകി വർണങ്ങൾ വാരിവിതറുകയാണു ചെണ്ടുമല്ലി പൂക്കൾ. നഗരത്തിലെ ഭൂരിഭാഗം വരുന്ന ചൊരിമണൽ പ്രദേശങ്ങൾക്കും നീർവാർച്ച കുറഞ്ഞ ചതുപ്പുകൾക്കുമൊക്കെ പറയാൻ ഇന്നു കൃഷിഗാഥകൾ അനവധി.

ഒരു ഉപഭോക്തൃപട്ടണം എന്ന ന്യൂനതയെ മറികടക്കാൻ ശ്രമിക്കുകയാണു കിഴക്കിന്‍റെ വെനീസെന്ന ഗതകാലവാണിജ്യപ്പെരുമ പേറുന്ന നഗരി.

അയൽ സംസ്ഥാനങ്ങളിൽ നിന്നു നിത്യേന എത്തുന്ന പടുകൂറ്റൻ ലോറികളിലെ പച്ചക്കറികളാണു കിഴക്കിന്‍റെ വെനീസിന്‍റെ വിശപ്പകറ്റുന്നത്. വഴിതടസമോ ലോറിസമരമോ ഉണ്ടായാൽ സങ്കീർണമാകുന്ന പാചകപദ്ധതികൾക്ക് ഒരു പരിഹാരമാകുകയാണിന്ന്, അതും നഗരസഭയുടെ നേതൃത്വത്തിൽ. കർമ്മരംഗം സജീവമാക്കി തരിശു പ്രദേശങ്ങളിലെല്ലാം പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നു. ഒരു പുനർജ്ജനി സന്ദേശം നഗരത്തിനു നൽകുകയാണു നഗരസഭ.

മലക്കറി വിളകൾ മാത്രമല്ല, ഓണവർണം വിതറാൻ വിരുന്നെത്തിയിരുന്ന പരദേശി പൂക്കൾക്കു ബദലായി പുഷ്പകൃഷിയും വിപുലമായി ആരംഭിച്ചു.

പതിനയ്യായിരം മൂട് പച്ചക്കറി തൈകൾക്കൊപ്പം രണ്ടായിരത്തിനു മേൽ പൂച്ചെടികളാണു നഗരഹൃദയത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത്. വിവിധവർണങ്ങളിലുള്ള ബന്തികൾക്കു തന്നെ പ്രമുഖസ്ഥാനം.

നഗരസഭാ ജീവിനക്കാരുടെയും അയൽക്കൂട്ടം, ആശാ പ്രവർത്തകരുടെയും ശ്രമദാന പങ്കാളിത്തം പദ്ധതിയെ വിജയപർവത്തിലെത്തിച്ചു. മാലിന്യക്കൂന്പാരമെന്നു പഴികേട്ടിരുന്ന ഒറ്റപ്പെട്ട വിശാലമായ പ്രദേശങ്ങളിലെല്ലാം ആസൂത്രിത കാർഷിക പദ്ധതികൾ പുരോഗമിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ പൂന്തോട്ടഭംഗി കാണാനും സെൽഫികളെടുക്കാനും ചെറുസംഘങ്ങൾ എത്തിതുടങ്ങി.

ചെറിയ ഗാനആൽബങ്ങളുടെ ചിത്രീകരണത്തിനും ഈ വർണവശ്യത അരങ്ങൊരുക്കുന്നു. ഇക്കുറി പട്ടണവാസികളുടെ വീട്ടുമുറ്റങ്ങളിൽ ജനകീയ പൂന്തോട്ടത്തിലെ പുന്നാരപ്പൂക്കളൊരുക്കിയാ‌ണ് ആലപ്പുഴ നിവാസികൾ ഓണത്തെ വരവേറ്റത്.

ഫോണ്‍: ഹരികുമാർ: 94479 09238.

ഡോ. എസ്. ഭാനു നന്ദിനി