ഉടൻ വരുന്നു... ഹോണ്ട സിറ്റി ഹൈബ്രിഡ്

11:16 AM Sep 21, 2021 | Deepika.com
ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ ഹോണ്ട അടുത്ത വർഷം കൂടുതൽ ഇന്ധനക്ഷമതയുള്ള കാർ അവതരിപ്പിക്കുന്നു. കാര്യക്ഷമതയും ശക്തിയും ഒരു പോലെ പ്രധാനം ചെയ്യുന്ന ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് വക ഭേദം 2022ൽ പുറത്തിറങ്ങുമെന്നാണ് കന്പനി വൃത്തങ്ങൾ നൽകുന്ന സൂചന.

ഹോണ്ട സിറ്റി ഹൈബ്രിഡ് ഇതുവരെ ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും മറ്റു വിപണികളിൽ ലഭിച്ച ഇന്ധനക്ഷമത വച്ചു നോക്കുന്പോൾ വളരെയേറെ പ്രതീക്ഷയാണ് നൽകുന്നത്. മലേഷ്യയിലും തായ്‌ലൻഡിലും നടത്തിയ പരീക്ഷണങ്ങളിൽ യഥാക്രമം 27.8, 27.7 കിലോ മീറ്റർ ഇന്ധന ക്ഷമതയാണ് കൈവരിച്ചത്.

ഇതിനു സമാനമായ ഇന്ധന ക്ഷമത ഇന്ത്യൻ റോഡുകളിലും ലഭിക്കുമെന്നാണ് കന്പനിയുടെ പ്രതീക്ഷ. സിറ്റി ഹൈബ്രിഡിന് ഏകദേശം 17 മുതൽ 19 കിലോമീറ്റർ വരെ ലഭിച്ചാൽ, ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ കാറുകളിലൊന്നായി ഇതു മാറിയേക്കാം.

കൂടുതൽ ഫലപ്രദമായ 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്‍റെ പവർ 98 എച്ച്പി ആണ്. ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് കൂടുതൽ 109 എച്ച്പി ലഭിക്കും. ഹൈബ്രിഡ് ഉൾപ്പെടെയുള്ള മിക്ക ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതിനാൽ പുതിയ മോഡൽ ഇന്ത്യയിൽ കൂട്ടിച്ചേർക്കും.

സിറ്റിയുടെ ഹൈബ്രിഡ് പതിപ്പിന് സാധാരണ സിറ്റിയേക്കാൾ 110 കിലോഗ്രാം ഭാരമുണ്ട്. ഇതിന് 410 ലിറ്റർ ബൂട്ട് സ്പേസ് ആണുള്ളത്, ഇത് സാധാരണ മോഡലിനേക്കാൾ 100 ലിറ്റർ കുറവാണ്. റിയർ ഡിസ്ക് ബ്രേക്ക്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയവ ഇതിന്‍റെ പ്രത്യേകതകളാണ്. 17.5 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.