+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്

ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്‌നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍. 2,000 കിലോ തൂക്കമുള്ള ഗൗതം കത്തോലിയെന്നു പേരു നല്‍കിയിരിക്കുന്ന മുറയിനത്തില്‍പ്പ
ഗൗതം കത്തോലി; തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്‌നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍. 2,000 കിലോ തൂക്കമുള്ള ഗൗതം കത്തോലിയെന്നു പേരു നല്‍കിയിരിക്കുന്ന മുറയിനത്തില്‍പ്പെട്ട ഈ പോത്തിന്‍കിടാവ്. വാഴക്കുളം തഴുവംകുന്ന് സ്വദേശിയായ വട്ടക്കുടിയില്‍ ജോഷി സിറിയക്കിന്റെ മെയ്ഡന്‍ മുറഫാമിലാണ് മൂന്നരവയസുള്ള ഇവന്‍ ഒരു കുടുംബാംഗത്തെപ്പോലെ കഴിയുന്നത്.സംസ്ഥാനത്തുതന്നെ വിരളമാണ് ഇത്രയും വലിപ്പവും തൂക്കവുമുള്ള കിടാരി. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ദേശീയ കന്നുകാലി പ്രദര്‍ശന മത്‌സരം കാണാനെത്തിയപ്പോഴാണ് ഗൗതം കത്തോലിയെ കാണുന്നത്.

മത്‌സരത്തില്‍ ജൂണിയര്‍ ചാമ്പ്യനായ ഈ കിടാരിയോട് ഇഷ്ടം തോന്നിയതോടെ പൊന്നുംവില നല്‍കി സ്വന്തമാക്കുകയായിരുന്നു ജോഷി. നാട്ടിലെത്തിച്ച ഇവന് കൃത്യമായ പരിചരണമാണ് നല്‍കിവരുന്നത്. ദിവസവും ഉടമയോടൊപ്പം ചുരുങ്ങിയത് അഞ്ചുകിലോമീറ്റര്‍ നടത്തം പതിവാണ്. തുടര്‍ന്ന് കൃത്യമായ അളവില്‍ സമീകൃത ആഹാരവും നല്‍കും.

ചോളപ്പൊടി,പരുത്തിപ്പിണ്ണാക്ക്,സോയ,കടല,ഗോതമ്പുതവിട്, മുളപ്പിച്ച ഗോതമ്പ്, പുളിമ്പൊടി എന്നിവയടങ്ങിയ മിശ്രിതക്കൂട്ടാണ് പ്രധാന ഭക്ഷണം. മണിക്കൂറുകളോളം നീരാട്ടും ഏറെ ഇഷ്ടമാണ്. പ്രതിദിനം ഭക്ഷണത്തിനു മാത്രമായി 400 രൂപയോളം ചെലവുവരും. ചെറു പ്രായമായതിനാല്‍ നല്ല രീതിയിലുള്ള പരിപാലനം അനിവാര്യമാണെന്നും ചിട്ടയായും ക്രമമായുമുള്ള ദിനചര്യയിലൂടെ ലക്ഷണമൊത്ത പോത്തായി മാറ്റുകയാണ് ലക്ഷ്യമെന്നും ഉടമ പറയുന്നു. ജൂണിയര്‍ ചാമ്പ്യനെ കാണാനും വിവരങ്ങള്‍ അറിയുന്നതിനുമായി നിരവധിപേര്‍ വീട്ടിലെത്താറുണ്ട്. നിരവധിയാളുകള്‍ ഇവനെ സ്വന്തമാക്കാനുമെത്തുന്നുണ്ട്. പലരും ഇത്തരം ഉരുവിനെ വളര്‍ത്താനുള്ള ആഗ്രഹവും അറിയിച്ചു. ഇതേ തുടര്‍ന്ന് ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നു മുറ പോത്ത്-എരുമ കിടാരികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിനായി തഴുവംകുന്നില്‍ വീടിനോടു ചേര്‍ന്ന് മെയ്ഡന്‍ മുറ എന്ന പേരില്‍ ഫാം ആരംഭിക്കുകയായിരുന്നു ജോഷി.


അതുവരെ നെല്ല്, റബര്‍,മരച്ചീനി, ഇഞ്ചി,പൈനാപ്പിള്‍ തുടങ്ങിയവ കൃഷി ചെയ്തുവരികയായിരുന്നു. ഫാമിനോടൊപ്പം കന്നുകാലി,എരുമ,കോഴി ഫാമുകള്‍ക്കും മത്സ്യകൃഷിക്കും തുടക്കം കുറിച്ചു. ക്ഷീരോത്പാദക മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കുന്നതിന് അത്യുത്പാദന ശേഷിയുള്ള പശുക്കളെയും എരുമകളെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നു കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനും ശ്രമം ആരംഭിച്ചു. ഇതിനായി 20 മുതല്‍ 30 വരെ ലിറ്റര്‍ പാല്‍ ലഭിക്കുന്നവയെ നാട്ടിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്നു. കേരളത്തിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന മേഹ്‌സാന, ജാഫര്‍ ബാദി, സുര്‍ത്തി, നീലി രാവി, നീലി തുടങ്ങിയ ഇനങ്ങളിലുള്ള എരുമകിടാരികളെയും സഹിവാള്‍, റെഡ് സിന്ധി, താര്‍പാര്‍ക്കര്‍ തുടങ്ങിയ ഗുണനിലവാരമുള്ള പശുക്കളെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചു നല്‍കുന്നു. വളര്‍ത്തുമൃഗങ്ങളോട് പ്രത്യേക ഇഷ്ടമുള്ള ഇദ്ദേഹത്തിന് കിംഗ് എന്ന ഓമനപ്പേരുള്ള കുതിരയും സ്വന്തമായുണ്ട്. ജോഷിയുടെ സഹോദരങ്ങളായ ബെസ്റ്റിന്‍, ഫൗമികിന്‍ എന്നിവരും കോഴി-പശു ഫാമുകള്‍ നടത്തുന്നുണ്ട്. ജോഷിയുടെ ഭാര്യ ഷീബ കല്ലൂര്‍ക്കാട് സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.
ഫോണ്‍: ജോഷി- 94468 95238.

ജോയെല്‍ നെല്ലിക്കുന്നേല്‍