+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജിയുടെ സ്വന്തം ജാതി

ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവീന്ദ്രനാഥക്കുറുപ്പെന്ന അമ്പത്തിമൂന്നുകാരിയെയും. ഇടപ്പള്ളിയിലെ ഒരു നഴ്‌സറിയില്‍ ന
രാജിയുടെ സ്വന്തം ജാതി
ചേര്‍ത്തല വാരണം കാഞ്ഞിരംപറമ്പിലെത്തിയാല്‍ ഈ ജാതി കാഴ്ച കാണാം. തന്റെ നാലര ഏക്കറില്‍ ജാതികളെ സംരക്ഷിച്ചു നടക്കുന്ന രാജി രവീന്ദ്രനാഥക്കുറുപ്പെന്ന അമ്പത്തിമൂന്നുകാരിയെയും. ഇടപ്പള്ളിയിലെ ഒരു നഴ്‌സറിയില്‍ നിന്നാണ് 75 ബഡ്ഡ് ജാതിതൈകള്‍ രാജി വാങ്ങിയത്. തെങ്ങിന് ഇടവിളയായി ഇവ നടുകയായിരുന്നു. നടുന്നതിനു മുമ്പ് കുഴികള്‍ കുമ്മായമിട്ട് ഒരാഴ്ച വെറുതേയിട്ടു. പിന്നീട് ചാണകപ്പൊടി, കോഴിവളം എന്നിവ തൈ ഒന്നിന് രണ്ടു ചട്ടി എന്ന ക്രമത്തിലിട്ടു. വാഴകൃഷി വിളവെടുത്തശേഷം ലഭിക്കുന്ന പിണ്ടി വെട്ടിയരിഞ്ഞ് ജാതിച്ചുവട്ടിലിടും. കരിയിലയും പൊതിമടലുമെല്ലാമിട്ടു തടം പൊക്കും. മൂന്നു വര്‍ഷം കൊണ്ടു തന്നെ തൈകള്‍ വളര്‍ന്നു കായ്ച്ചു.


ജലസേചനം പ്രധാനം

വേനലില്‍ ദിവസവും ജലസേചനം നടത്തും. കോഴിവളം, ചാണകം എന്നിവ ചേര്‍ന്ന ജൈവവളക്കൂട്ട് തൈ ഒന്നിന് ഏഴു കിലോ ലഭിക്കത്തക്കവണ്ണം ഇട്ടു നനച്ചുകൊടുക്കും. മഴക്കാലത്ത് ഇതിടുന്നതാണ് നല്ലത്. ഏതായാലും നല്ല വലിയ ജാതിക്കായകളാണ് രാജിയുടെ ജാതി തിരികേ നല്‍കുന്നത്. പാടത്ത് നെല്‍കൃഷിയും പച്ചക്കറികൃഷിയും മാറിമാറി ചെയ്യുന്നുണ്ട്. ഇവിടത്തെ കേടുവരുന്ന പച്ചക്കറി അവശിഷ്ടങ്ങളും ജാതിച്ചുവട്ടിലെത്തും. പുരയിടത്തില്‍ തന്നെ നിര്‍മിച്ചിരിക്കുന്ന മഴമറയില്‍ വെണ്ട, പയര്‍, പീച്ചില്‍, പടവലം എന്നിവ കൃഷിചെയ്യുന്നു. കഞ്ഞിക്കുഴി കൃഷിഭവനില്‍ നിന്നു സബ്‌സിഡിയോടെയാണ് മഴമറ നിര്‍മിച്ചത്. കോഴികാഷ്ഠമാണ് ഇവിടെയും അടിസ്ഥാന വളം. സ്മാം പദ്ധതിയില്‍ 50 ശതമാനം സബ്‌സിഡിയോടെ ഹോണ്ടയുടെ ടില്ലര്‍ വാങ്ങി. കൃഷിപ്പണികള്‍ ഇതുപയോഗിച്ചു സ്വന്തമായി ചെയ്യാനും സാധിക്കുന്നു. നാടന്‍ വിത്തിനമായ വിരിപ്പു നെല്ലും കൃഷിചെയ്യുന്നുണ്ട്. മേയില്‍ വിതച്ച് ഒക്ടോബര്‍ പകുതിയോടെ കൊയ്യത്തക്ക രീതിയിലാണ് നെല്‍കൃഷി ചെയ്യുന്നത്. സ്വന്തം ആവശ്യം കഴിഞ്ഞുള്ള നെല്ല് വിത്തിനായി കൃഷിഭവനു നല്‍കും. തെങ്ങിന്‍ തോട്ടത്തില്‍ ജാതിയും വാഴയും പച്ചക്കറിയുമൊക്കെയായി രാജിയുടെ കൃഷി മുന്നേറുകയാണ്, സന്തോഷം വാരി വിതറിക്കൊണ്ട്. ഫോണ്‍: രാജി-95394 86369.

ടോം ജോര്‍ജ്