+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആശ്രയമാകാന്‍ 'ഒരു വീടും കുഞ്ഞാടും'

കോവിഡാനന്തര കേരളം അതിജീവനത്തിന്റെ പുതുവഴികള്‍ തേടുകയാണ്. ശുദ്ധമായ പാലിനും മാംസത്തിനും ജൈവവളത്തിനും ആടിനോളം ആശ്രയിക്കാവുന്ന മറ്റൊരു മൃഗവുമില്ല. ആളും അര്‍ഥവും സാഹചര്യവും അനുസരിച്ചുള്ള പരിപാലന രീതികള്‍ ത
ആശ്രയമാകാന്‍ 'ഒരു വീടും കുഞ്ഞാടും'
കോവിഡാനന്തര കേരളം അതിജീവനത്തിന്റെ പുതുവഴികള്‍ തേടുകയാണ്. ശുദ്ധമായ പാലിനും മാംസത്തിനും ജൈവവളത്തിനും ആടിനോളം ആശ്രയിക്കാവുന്ന മറ്റൊരു മൃഗവുമില്ല. ആളും അര്‍ഥവും സാഹചര്യവും അനുസരിച്ചുള്ള പരിപാലന രീതികള്‍ തെരഞ്ഞെടുക്കണമെന്നു മാത്രം. വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ആടിനോളം ചേര്‍ച്ചയുള്ള വേറൊരു മൃഗമില്ല. പശു വളര്‍ത്താന്‍ സ്ഥലവും സൗകര്യമില്ലാത്തവര്‍ക്കും ആടിനെവളര്‍ത്തി ശുദ്ധമായ പാല്‍ കുടിക്കാം. മാംസാവശ്യത്തിനായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കി വരുമാനമുണ്ടാക്കാം. ആട്ടിന്‍ കാഷ്ഠം അടുക്കളത്തോട്ടത്തിന് ഉത്തമ ജൈവവളമാക്കാം. ശരീരം വൃത്തിയായി സൂക്ഷിക്കുന്ന, കാഴ്ചയിലും പെരുമാറ്റത്തിലും ഓമനത്തം പ്രകടിപ്പിക്കുന്ന, വേഗം ഇണങ്ങുന്ന പ്രകൃതമുള്ള ആട് വീട്ടില്‍ സ്‌നേഹം വിളമ്പുന്ന ഓമനയുമാകും. അതിനാല്‍ ഒരു വീട്ടില്‍ ഒരാട് എന്ന ആശയം ഏറെ ആകര്‍ഷകം. ആടുവളര്‍ത്തല്‍ സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉത്പാദനലക്ഷ്യം ഏതെന്നു തീരുമാനിക്കണം. പാലിനോ, ഇറച്ചിക്കോ രണ്ടിനും കൂടെ വേണ്ടിയോ ആടുവളര്‍ത്താം. അനുയോജ്യമായ ഇനങ്ങളെ വാങ്ങിച്ച് ഉത്പാദനം ആദായകരമാകുംവിധം പരിപാലിക്കണം. ആട്ടിന്‍പാലിന്റെ താരതമ്യേന കുറഞ്ഞ ആവശ്യകതയും ആട്ടിറച്ചിയുടെ കൂടിയ വിലയും കണക്കിലെടുക്കുമ്പോള്‍ ഇറച്ചിക്കുവേണ്ടി ആടുകളെ വളര്‍ത്തുന്നതായിരിക്കും അഭികാമ്യം.

മാംസത്തിനും പാലിനും ആടിനെ വളര്‍ത്താം. പാലിലെ കൊഴുപ്പിന്റെ കണികകള്‍ ചെറുതായതിനാല്‍ എളുപ്പം ദഹിക്കും. കുട്ടികള്‍ക്കും രോഗികള്‍ക്കും ഉത്തമമാണ്. ആടിനെ വളര്‍ത്തിയാല്‍ നറുംപാല്‍ ആവശ്യത്തിനു കറന്നെടുക്കാം. വിപണിയില്‍ വിലയേറെയുളള കൊഴുപ്പു കുറഞ്ഞ ആട്ടിറച്ചി എല്ലാത്തരം ആടുകള്‍ക്കും സ്വീകാര്യമാണ്. ഉണങ്ങി മണികളായി ലഭിക്കുന്ന ആട്ടിന്‍ കാഷ്ഠം അനായാസേന ശേഖരിച്ച് സൂക്ഷിക്കാം. അപകടങ്ങളൊന്നും വരുത്തില്ലായെന്ന ഉറപ്പുള്ളതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആടുകളെ കൈകാര്യം ചെയ്യാം. ഇവയെ കുളിപ്പിക്കേണ്ട ആവശ്യവുമില്ല. ആടുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും കുറവാണ്.

നാടന്‍, മലബാറി ഇനങ്ങള്‍ പ്രതിദിനം ശരാശരി അര ലിറ്റര്‍ പാല്‍ തരും. മലബാറി ആടുകള്‍ പ്രസവത്തിന്റെ എണ്ണത്തിലും കുട്ടികളുടെ എണ്ണത്തിലും മുമ്പിലാണ്. ജമ്‌നാപാരി, ബീറ്റല്‍ തുടങ്ങിയ അന്യസംസ്ഥാന ആടുകളുമായി സങ്കര പ്രജനനം നടത്തി പാലുത്പാദനം കൂടിയ ഒന്നാം തലമുറയെ വളര്‍ത്തുന്നവരുമുണ്ട്.

നഗരങ്ങളില്‍ ആടുകള്‍ക്ക് പാര്‍ക്കാന്‍ പ്രത്യേകം സംവിധാനം ചെയ്ത പോര്‍ട്ടബിള്‍ കൂടുകളൊരുക്കാം. നല്ലൊരു തള്ളയാടിനെ കണ്ടെത്തിയാല്‍ ആടിനൊരു കൂടൊരുക്കാം. ദിവസം മുഴുവന്‍ കൂടിനകത്തു നിര്‍ത്താനുള്ള സൗകര്യമേയുള്ളൂവെങ്കില്‍ 4-6 ചതുരശ്ര മീറ്റര്‍ (നാല്‍പ്പതടി) വരുന്ന കൂടു നിര്‍മിക്കാം. പുറത്തേക്കഴിച്ചു കെട്ടാനും മേയാന്‍ വിടാനും സൗകര്യമുണ്ടെങ്കില്‍ ഇതിന്റെ പകുതി സ്ഥലം മതി. തറനിരപ്പില്‍ നിന്ന് അരയടിയോളം ഉയരത്തില്‍ മരപ്പലകകള്‍ ഉപയോഗിച്ച് കൂട് നിര്‍മിക്കാം. കൂടുകളില്‍ ആവശ്യത്തിന് വായുവും വെളിച്ചവും വേണം. മൂത്രവും കാഷ്ഠവും തങ്ങി നില്‍ക്കത്തക്കവിധം പലകകള്‍ക്കിടയില്‍ വിടവുകള്‍ നല്‍കണം. ചരിഞ്ഞ മേല്‍ക്കൂര ഒന്നര മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കാം. അരമീറ്ററെങ്കിലും മേല്‍ക്കൂര വശങ്ങളിലേക്ക് തള്ളി നിര്‍ത്തി മഴയില്‍ നിന്നു സംരക്ഷിക്കണം. വശങ്ങളില്‍ മരപ്പലകകളോ, കമ്പിവലകളോ ഉപയോഗിച്ച് ആടുകളെ സംരക്ഷിക്കാം. ഒരു ഭാഗത്ത് അരമീറ്റര്‍ വീതിയും ഒരുമീറ്റര്‍ ഉയരവുമുള്ള ഒരു വാതിലും നല്‍കാം.


ആടുകള്‍ക്ക് പുല്ലും ഇലകളും ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള നഗരങ്ങളിലും മറ്റും ആടുകള്‍ക്കുള്ള ടോട്ടല്‍ മിക്‌സഡ് റേഷന്‍ നല്‍കാം. ഖരാഹാരവും പരുഷാഹാരവും ചേര്‍ന്ന ഇത്തരം തീറ്റ വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ശരീര തൂക്കത്തിനനുസരിച്ച് 3-5 കിലോഗ്രാം പച്ചപ്പുല്ലോ, വൃക്ഷ ഇലകളോ ആടിന് ഒരു ദിവസം ആവശ്യമായി വരും. ഇതു വര്‍ഷം മുഴുവന്‍ ഉറപ്പാക്കണം. ഒരു ദിവസം 200-500 ഗ്രാം സാന്ദ്രീകൃത തീറ്റ നല്‍കണം. ഇതില്‍ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍,തവിട്, പിണ്ണാക്ക്, മിനറല്‍ മികസ്ചര്‍ എന്നിവ ഉള്‍പ്പെടുത്താം. ആടുകള്‍ക്കുള്ള പ്രത്യേക തീറ്റ വിപണിയില്‍ ലഭ്യമാണ്. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കണം. ഏതു പുതിയ തീറ്റയും ശീലിപ്പിച്ചതിനു ശേഷം മാത്രം നല്‍കുക.

ഒരു വയസാകുന്നതോടെ പെണ്ണാടുകളെ ഇണചേര്‍ക്കാം. കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യം മൃഗാശുപത്രികളില്‍ ലഭ്യമാണ്. സ്ഥല പരിമിതിയുള്ള സ്ഥലങ്ങളില്‍ മുട്ടനാടുകളെ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. മുട്ടനാടുകളില്‍ നിന്നു വരുന്ന പ്രത്യേക മണം പലപ്പോഴും അലോസരമുണ്ടാക്കും. വെള്ളം നല്‍കാന്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളും ഒരുക്കിയാല്‍ പണിയെളുപ്പമാണ്.

കൂട്ടില്‍ത്തന്നെ വളര്‍ത്തുന്ന ആടുകള്‍ക്ക് ആന്തര, ബാഹ്യ പരാദബാധ കുറവായിരിക്കും. ആവശ്യമുള്ളപ്പോള്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം വിരയിളക്കാം. ആദ്യത്തെ മൂന്നു മാസത്തില്‍ കൃത്യമായി വിരമരുന്നു നല്‍കണം. പിന്നീട് കാഷ്ഠം പരിശോധന നടത്തി കൃത്യമായുള്ള മരുന്നു നല്‍കുകയും വേണം. കുളമ്പുരോഗം, ടെറ്റനസ്, ആടുവസന്ത എന്നിവയ്‌ക്കെതിരേയുള്ള രോഗപ്രതിരോധ കുത്തിവയ്പുകളും നല്‍കാം. കൂട്ടില്‍ മാത്രം നിര്‍ത്തുന്ന ആടുകളെ ദിവസവും അല്‍പ്പ സമയം പുറത്തിറക്കി നടത്തുന്നത് കുളമ്പിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ആട്ടിന്‍ കുട്ടികളെ ആദ്യ മൂന്നുമാസം വരെ തള്ളയുടെ പാല്‍ കുടിക്കാന്‍ അനുവദിക്കണം. ഒരു തള്ളയാടിനെയും അവയുടെ കുഞ്ഞുങ്ങളെയും പരിപാലിക്കാന്‍ ഒരു ദിവസം ഒരു മണിക്കൂര്‍ പോലും വേണ്ട. പക്ഷേ ഒന്നു മനസുവച്ചാല്‍ അത് മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.

ഡോ. ജാവേദ് ജമീല്‍ എ.
വെറ്ററിനറി സര്‍ജന്‍, പഴങ്കുളഞ്ഞി, പത്തനംതിട്ട