നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന കാൽ ലക്ഷം രക്തദാനത്തിൽ പങ്കാളികളായി നിരവധി പേർ.
ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിലേയ്ക്കാണ് രക്തം ദാനം ചെയ്യുന്നത്. അങ്കമാലി എംഎൽഎ റോജി എം. ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എസിപി രാജ്കുമാർ തുടങ്ങി സമൂഹത്തിന്റെ നാനതുറകളിൽ നിന്നുള്ളവർ രക്തദാനത്തിൽ പങ്കാളികളായി.
ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാർ ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി.
മറ്റുള്ള നടൻമാരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്നും ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും അവരുടെ കുട്ടികളുടെയും ക്ഷേമത്തിനും വേണ്ടി മമ്മൂട്ടി നടത്തുന്ന സ്നേഹവും കരുതലും പ്രശംസനീയമാണെന്നും ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാദർ തോമസ് വാളുക്കാരൻ പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തങ്ങൾക്ക് എന്നും പ്രചോദനമാണെന്ന് ഗോകുലം ഗ്രൂപ്പ് എജിഎം ജിതേഷ് ബി. പറഞ്ഞു.
പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്.
സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ്, സെക്രട്ടറി സഫീദ് മുഹമ്മദ്, ഹോസ്പിറ്റൽ ജനറൽ മാനേജർ ജോസ് ആൻറണി, ഷിജോ സൽക്കാര, ഷിബു മൂലൻ തുടങ്ങിയവർ നേതൃത്വം നൽകി.
അങ്കമാലിയിലെ ബ്ലഡ് ബാങ്കിൽ പൊതുജനങ്ങൾക്കും രക്തദാനത്തിനുള്ള സൗകര്യം ഉണ്ട്. വിവരങ്ങൾക്ക് 0484-2675415 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മമ്മൂട്ടിയുടെ ജൻമദിനത്തോടനുബന്ധിച്ച് രക്തദാനവുമായി ഫാൻസ് അസോസിയേഷൻ
12:24 PM Sep 07, 2023 | Deepika.com