പഞ്ചായത്ത് വകുപ്പിൽ ക്ലർക്കാണ്. രണ്ടു വർഷത്തെ ശൂന്യവേതന അവധിയെടുത്ത് വിദേശത്തുപോയി. തിരികെ സർവീസിൽ പ്രവേശിച്ചു. ഈ രണ്ടു വർഷക്കാലത്തെ എസ് എൽഐയുടെ വരിസംഖ്യ അടയ്ക്കാൻ കഴിഞ്ഞില്ല. ഇനി തുടർന്നു വരിസംഖ്യ അടയ്ക്കണമെങ്കിൽ സർക്കാരിന്റെ അനുമതി വേണമെന്നാണ് ഓഫീസിൽനിന്ന് അറിയാൻ കഴിഞ്ഞത്. ഇങ്ങനെ ഒരു നിയമം നിലവിൽ ഉണ്ടോ? ശൂന്യവേതനാവധി ആയതുകൊണ്ടാണല്ലോ പണം അടയ്ക്കാൻ സാധിക്കാതിരുന്നത്. അതോ പണം അടയ്ക്കാതിരുന്ന കാലത്തെ കുടിശിക ചേർത്ത് അടച്ചു പോളിസി പുതുക്കേണ്ടതുണ്ടോ?
ജോണ് ജേക്കബ്,
മൂവാറ്റുപുഴ
ആറു മാസത്തിൽ കൂടുതൽ വരിസംഖ്യ അടയ്ക്കുന്നതു മുടങ്ങിയാൽ സാധാരണ ഗതിയിൽ അംഗത്വം അവസാനിക്കുന്നതാണ്. അതിനാൽ തുടർന്ന് വരിസംഖ്യ അടയ്ക്കുന്നതിന് ജില്ലാ ഇൻഷ്വറൻസ് ഓഫീസറുടെ അനുമതി ആവശ്യമാണ്. രണ്ടു വർഷം വരെ വരിസംഖ്യ മുടക്കം വരുത്തിയ ജീവനക്കാരുടെ തുടർന്നുള്ള പണം സ്വീകരിക്കുന്നതിന് ജില്ലാ ഇൻഷ്വറൻസ് ഓഫീസറുടെ അനുമതി ആവശ്യമാണ്. അല്ലാതെ അടയ്ക്കുന്ന തുകയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ല. അതിനാൽ ജില്ലാ ഇൻഷ്വറൻസ് ഓഫീസറുടെ അനുമതി വാങ്ങിയശേഷം വരിസംഖ്യ അടയ്ക്കുക.
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
03:34 PM Dec 30, 2019 | Deepika.com