സിനിമ, സീരിയൽ നടി അപർണ നായരുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്. സിനിമ, സീരിയൽ രംഗത്തെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കരമന തളിയിലെ വീട്ടിൽ അപർണയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ കരമനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കരമന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മേൽനടപടികൾ സ്വീകരിക്കുകയും ബന്ധുക്കളിൽനിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു. മരണത്തിൽ സംശയകരമായൊന്നും ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്.