സിനിമ-സീരിയൽ താരം അപർണ നായർ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപും ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു.
‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമായിരുന്നു അപർണ അവസാനമായി പങ്കുവച്ചത്. പിന്നീട് മണിക്കൂറുകൾക്കകം താരം ജീവനൊടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപർണയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. കരമന പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.
ഭർത്താവും മക്കളുമൊത്തുള്ള ചിത്രങ്ങൾ തന്നെയായിരുന്നു അപർണയുടെ പേജിൽ മുഴുവനുമുണ്ടായിരുന്നത്. ഭർത്താവും രണ്ട് പെൺകുഞ്ഞുങ്ങളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. 2009ലെ മേഘതീർത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അപർണ എത്തിയത്.
അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കടല് പറഞ്ഞ കഥ ആണ് ഏറ്റവും ഒടുവിലത്തെ ചിത്രം.
ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
മരണത്തിന് തൊട്ടുമുൻപും സമൂഹമാധ്യമത്തിൽ സജീവം; അപർണയുടെ വേർപാടിൽ ഞെട്ടി പ്രേക്ഷകർ
09:27 AM Sep 01, 2023 | Deepika.com