"നമ്മൾ വരില്ലെന്ന് മറ്റുള്ളവർ കൂടി കരുതുന്നതാണ് പ്രശ്നം'

01:05 PM Aug 30, 2023 | Deepika.com

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി മിയ ജോർജ്. വിവാഹത്തിനു ശേഷം കുറച്ചുനാളുകളായി സിനിമയിൽ നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ തന്‍റെ കരിയറിനെക്കുറിച്ച് മനസുതുറക്കുകയാണ്.

മാറിനിൽക്കണമെന്ന് വിചാരിച്ച് നടിമാരെല്ലാവരും സ്വയം മാറിനിൽക്കുകയാണെന്ന് തോന്നുന്നില്ലെന്നും എന്‍റെ അനുഭവത്തിൽ പറയുകയാണെങ്കിൽ കുഞ്ഞ് ഉണ്ടായി അഞ്ചാമത്തെ മാസം മുതൽ ഞാൻ ജോലി ചെയ്ത് തുടങ്ങിയിരുന്നുവെന്നും മിയ പറയുന്നു.

ഇത്രയും നാളായിട്ടുപോലും സിനിമയോ മറ്റ് പരിപാടികളോ വരുമ്പോൾ സംശയത്തോടെയാണ് ആളുകൾ വിളിക്കുക. നമ്മൾ അഭിനയിക്കാൻ പോകുമോ എന്നൊക്കെയാണ് അവരുടെ സംശയമെന്നും താരം കൂട്ടിച്ചേർത്തു.

'അടുത്തിടെ എന്നെ ഒരാൾ വിളിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ ക്യാരക്ടറിന് ആപ്ട് ആയിരുന്നു മിയ. പക്ഷേ കുഞ്ഞൊക്കെ ആയതിനാൽ വരുമോയെന്നൊക്കെ സംശയിച്ചിരുന്നുവെന്ന്. എന്തിനാണ് ഞാൻ വരില്ലെന്ന് സ്വയം കരുതിയത് എന്നായിരുന്നു ഞാൻ ചോദിച്ചത്. അഭിനയിക്കുന്നുണ്ടോയെന്ന് വിളിച്ച് ചോദിക്കാമല്ലോയെന്ന് ചോദിച്ചു. ആ സിനിമ ഞാൻ ചെയ്യുകയും ചെയ്തിരുന്നു.

നമ്മൾ വരില്ലെന്ന് മറ്റുള്ളവർ കൂടി കരുതുന്നതാണ് പ്രശ്നം. അല്ലാതെ കല്ല്യാണം കഴിഞ്ഞതിനാൽ നടിമാർ ഓടി മാറുന്നത് മാത്രമാണ് പ്രശ്നം എന്ന് ഞാൻ കരുതുന്നില്ല. എന്നെ സംബന്ധിച്ച് ജോലി ചെയ്യാൻ താത്പര്യപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്‍റെ കുടുംബവും ജോലിയും വീടുമെല്ലാം ഒരു ബാലൻസിൽ കൊണ്ടുപോകാൻ ഞാൻ ശ്രമിക്കാറുണ്ട്.' - മിയ പറയുന്നു