കോഴിക്കോട് : വീരമ്പ്രത്തെ വാടക വീട്ടില്‍ താമസിച്ച യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. കോട്ടക്കല്‍ എടരിക്കോട് അമ്പലവട്ടം സ്വദേശി താജുദീനെയാണ് ഇന്നു പുലര്‍ച്ചെ കോട്ടക്കലില്‍ വച്ചു പോലീസ് പിടികൂടിയത്.
ഇയാളെ ബാലുശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. മൂന്നു ദിവസമായി താജുദ്ദീന്റെ കോട്ടക്കലിലുള്ള നിരവധി സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒളിയിടം സംബന്ധിച്ചുള്ള വിവരം ലോക്കല്‍ പോലീസിനു ലഭിച്ചത്.
തുടര്‍ന്ന് ബാലുശേരി സിഐ എം.കെ.സുരേഷ്, എസ്ഐ പി.റഫീഖ് എന്നിവരും ലോക്കല്‍ പോലീസും ചേര്‍ന്നു പ്രതിയെ പിടികൂടുകയായിരുന്നു. ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സിലായിരുന്നു താജുദീന് താമസിച്ചിരുന്നത്.
ഇന്നലെ താജുദീന്റെ സുഹൃത്തുക്കളായ മലപ്പുറം ബി.പി.അങ്ങാടി പാറക്കല്‍ വീട്ടില്‍ ജോയല്‍ ജോര്‍ജ് (19), തിരൂര്‍ ഇരിങ്ങന്നൂര്‍ വീട്ടില്‍ ആദിത്യന് (19) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് വീരമ്പ്രത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന താജുദീന്റെ ഭാര്യ ഉമ്മുകുല്‍സുവിനെ മരിച്ച നിലയില്‍ എത്തിച്ചത്. ക്രൂരമായ പീഡനത്തെ തുടര്‍ന്നായിരുന്നു മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
ഉമ്മുകുല്‍സുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സുഹൃത്തിനോടു താജുദീന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് താജുദീന് മുങ്ങുകയും ചെയ്തു.
ഉമ്മുകുല്‍സുവിനെ പീഡിപ്പിച്ചുകൊന്ന കേസിൽ ഭർത്താവ് പിടിയില്‍
03:19 PM Oct 12, 2021 | Deepika.com