
തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനവേദിയിൽ സിപിഎമ്മിനെ പരസ്യമായി വിമർശിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തലയടക്കം വേദിയിലും സദസിലുമുണ്ടായിരുന്നവരെ ചിരിപ്പിക്കുന്ന പ്രസംഗമാണ് പിഷാരടി നടത്തിയത്.
സിപിഎമ്മിനെതിരെയുള്ള വിമർശനം സരസമായി അവതരിപ്പിച്ച് കോൺഗ്രസ് പ്രവർത്തകരുടെ കൈയടി നേടിയിരിക്കുകയാണ് പിഷാരടി. ഇൻഡിഗോ വിമാനയാത്രാ വിവാദവും, കെ-റെയിലും, അപ്പം പരാമർശവുമെല്ലാം പ്രസംഗത്തിൽ കടന്നുവന്നു.
രമേഷ് പിഷാരടിയുടെ പ്രസംഗം
ഈ പ്രസ്ഥാനത്തിന് സാരഥ്യം വഹിക്കുന്നവർ പ്രസംഗിച്ച ശേഷം എന്നെ സംസാരിക്കാൻ വിളിച്ചപ്പോൾ നിങ്ങൾ കൈയടിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. കാരണം ഈ കൈയടി ജനുവിനാണ്.
നിങ്ങൾ എല്ലാവരും ഈ പരിപാടി നടക്കുന്നതറിഞ്ഞും കേട്ടും ബസിലും വണ്ടിയിലുമൊക്കെ കയറി വന്നവരാണ്. അല്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പേടിപ്പിച്ച് കൊണ്ടുവന്നവരല്ല എന്ന ബോധ്യം എനിക്കുണ്ട്. ഇതിനിപ്പോൾ നിങ്ങൾ കയ്യടിച്ചില്ലെങ്കിലും കുഴപ്പമില്ല.
നിങ്ങൾ കയ്യടിച്ചില്ലെങ്കില്‍ നാളെ നിങ്ങൾക്ക് പണിതരാമെന്ന് ഈ വേദിയിലിരിക്കുന്ന ഒരാളും ആരോടും പറയാൻ പോകുന്നില്ല. സിനിമാ മേഖലയിൽ നിന്ന് ഞാനും കമൽഹാസനും മാത്രമേ സധൈര്യം ജോഡോ യാത്രയിലേക്ക് ഇറങ്ങി വന്ന് നടന്നിട്ടുള്ളൂ. ബാക്കിയുള്ളവർക്ക് പേടിയുണ്ടാകും.
എന്റെ ഒരു കൂട്ടുകാരനുണ്ട്. അവനെന്നോട് വലിയ സ്നേഹമാണ്. ഒരുദിവസം ഇലക്ഷൻ അടുത്ത സമയത്ത് എന്നെ വിളിച്ചു. നീ എന്താണ് ഓടിച്ചെന്ന് കോൺഗ്രസിൽ ചേർന്നത്. ഞാൻ കലാലയകാലം മുതൽ കെഎസ്യുവിൽ ഉണ്ടായിരുന്നുവെന്ന് അവനോട് മറുപടി പറഞ്ഞു.
ഇപ്പോള്‍ കോൺഗ്രസിന്റെ ആശയം എന്തെന്നായിരുന്നു അവന്റെ അടുത്ത ചോദ്യം. ജനാധിപത്യമൂല്യവും ഭരണഘടനയുമാണ് കോൺഗ്രസ് പാർട്ടിയുടെ ആശയം.
അല്ലാതെ നൂറ് നൂറ്റമ്പത് വർഷം മുമ്പ് ഇന്ന് ഈ ലോകത്തെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റാത്ത കാലത്ത് ഒരാൾ എഴുതിയ ബുക്കും കെട്ടിപ്പിടിച്ച് ഒരു ദിവസം സ്വർഗം വരും എന്നു പറഞ്ഞു കെട്ടിപ്പിടിക്കാൻ എനിക്കാകില്ല എന്നാണ് ഞാൻ ആ ചോദ്യത്തിനും മറുപടി പറഞ്ഞത്.
നിനക്ക് സിനിമയും സ്റ്റേജ് പരിപാടിയും ഉള്ളതല്ലേ? ഇതിനെയൊക്കെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. സ്റ്റേജിൽ കയറി തമാശ ഉണ്ടാക്കിയാല്‍ പോരെ അതെല്ലേ ഏറ്റവും എളുപ്പമുള്ള കാര്യം എന്നായിരുന്നു അവന്റെ അടുത്ത ചോദ്യം.
ഞാൻ പറഞ്ഞു, അതിനും വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയെങ്കിലും നിന്ന് തമാശ പറയാൻ പറ്റാത്ത കാലമാണിത്. കാരണം നമുക്കെതിരെ മത്സരത്തിന് വന്നിരിക്കുന്നത് വലിയ വലിയ നേതാക്കളാണ്. അവർക്കൊപ്പം നിന്ന് തമാശ പറഞ്ഞ് ജയിക്കുക എളുപ്പമുള്ള കാര്യമല്ല.
ഉദാഹരണത്തിന് ഞാൻ സ്റ്റേജിൽ കയറി നല്ലൊരു തമാശ പറയുന്നതിന് മുമ്പേ ആകാശത്തുകൂടി ഒരു വിമാനം പറന്നുപോയി. ഇതുകണ്ട് ആളുകൾ പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി.
വിമാനത്താവളത്തിനെതിരെയുള്ള സമരത്തെക്കുറിച്ച് ആലോചിച്ചാണോ ഇവർ ചിരിക്കുന്നതെന്നതാണ് എന്റെ ചിന്ത. നോക്കുമ്പോൾ താണുപറക്കുന്ന വിമാനത്തിൽ ഇൻഡിഗോ എന്നെഴുതിവെച്ചിട്ടുണ്ട്.
അത്ര പ്രത്യേകതയൊന്നുമില്ലാത്ത ആംഗ്യം കാണിച്ച് ഞാൻ ആളുകളെ ശാന്തരാക്കി. എന്നിട്ട് ഞാൻ പറഞ്ഞു, ‘‘നിങ്ങൾ എന്റെ മിമിക്രി കേൾക്കണം ഒരു ട്രെയിനിന്റെ ശബ്ദം അനുകരിക്കാം എന്നു പറഞ്ഞു.
ട്രെയിൻ എന്നു കേട്ടതും പിന്നെയും ആളുകൾ ചിരിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു, ഞാനൊരു തമാശ പറയും അപ്പം ചിരിച്ചാൽ മതിയെന്ന്. അപ്പം എന്ന് കേട്ടതും അവർ പിന്നെയും ചിരിക്കാൻ തുടങ്ങി.
ഒന്നും പറയാൻ പറ്റുന്നില്ല. ഞങ്ങളുടെ മേഖലയിൽ ടൈറ്റ് കോംപറ്റീഷൻ നടക്കുകയാണ്. ആരൊക്കെയാണ് തമാശയുടെ രംഗത്തേക്കിറങ്ങിയതെന്നതിന് കയ്യും കണക്കുമില്ല.
കോൺഗ്രസ് പാർട്ടിയിൽ എന്തിനെന്ന് ഇവൻ ആദ്യം ചോദിച്ചതിന്റെ ഉത്തരം പറയാം. ചിലപ്പോള്‍ സർക്കാർ പരിപാടികളിലൊന്നും വിളിച്ചില്ലെന്നു വരും. എന്റെ ഭാഗത്തുനിന്ന് എന്നാൽ കഴിയുന്ന പിന്തുണ ചെയ്യുകയും പറയുകയും ചെയ്യേണ്ട സമയം ഇതാണ് എന്ന ബോധ്യം വന്നതുകൊണ്ടാണ് ഞാൻ ഈ പാർട്ടിക്കൊപ്പം നിൽക്കുന്നത്. രമേശ് പിഷാരടി പറഞ്ഞു.
കോൺഗ്രസിന് അംഗങ്ങളും അണികളുമുണ്ടെങ്കിലും അടിമകളില്ല. ലോകത്തിന്റെ ഏതുകോണിൽ എന്ത് നല്ല കാര്യം നടന്നാലും അതിന് പിന്നിൽ തങ്ങളാണെന്ന് പറയുന്ന പരിപാടി പണ്ടുമുതൽക്കേ ചിലർക്കുണ്ട്.
എ ഐ ക്യാമറ ഉണ്ടാക്കിയ പ്രശ്നങ്ങൾ കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ഉണ്ടാക്കിട്ടിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിലെ കമ്പ്യൂട്ടർ വരെ എടുത്തു കളയുന്നവർക്ക് കമ്പ്യൂട്ടറിനോടുള്ള വിരോധം തീർന്നിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.