മിന്നും താരമായി പ്രകാശം പരത്തുന്ന ജെല്ലിഫിഷ്..!

03:52 PM Jan 24, 2023 | Deepika.com
സമുദ്രാന്തര്‍ഭാഗങ്ങളിലെ നിഗൂഢരഹസ്യങ്ങള്‍ മനുഷ്യനെ അതിശയിപ്പിക്കുക മാത്രമല്ല, ആശയക്കുഴപ്പത്തിലുമാക്കാറുണ്ട്. വിവരിക്കാനാകുന്നതും അല്ലാത്തതുമായ എത്രയോ പ്രതിഭാസങ്ങള്‍ സമുദ്രത്തില്‍ ഇതിനകം കണ്ടെത്തിയിരിക്കുന്നു.

ശാസ്ത്രലോകത്തിനു കണ്ടെത്താനാകാത്ത അനേകം രഹസ്യങ്ങള്‍ ഇനിയും ഒളിഞ്ഞുകിടക്കുന്നുമുണ്ടാകും. അമൂല്യങ്ങളായ അറിവുകള്‍ തേടി നീലജലത്തിനടിയിലേക്കുള്ള മനുഷ്യന്‍റെ അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല.

മെക്സിക്കോയിലെ ബജ കാലിഫോര്‍ണിയ തീരത്തു 4,000 അടി താഴ്ചയില്‍ സമുദ്രത്തിൽ കണ്ടെത്തിയ ഒരു ജെല്ലിഫിഷ് ആണ് ശാസ്ത്രലോകത്തെ പുതിയ കൗതുകം. അതിമനോഹരമാണ് നീലനിറത്തിലുള്ള ഈ ജെല്ലിഫിഷ്. അതു സ്വയം പ്രകാശിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രകാശം പരത്തിയുള്ള ജെല്ലിഫിഷിന്‍റെ സഞ്ചാരമാകട്ടെ മനംകുളിർപ്പിക്കുന്ന കാഴ്ചയാകുന്നു. ആകാശത്തെ മിന്നുന്ന നക്ഷത്രംപോലെ നീലജലത്തിനുള്ളിൽ ഒരു നക്ഷത്രം.

ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച ഉടൻ പതിനായിരങ്ങളാണ് അത് കണ്ടത്. ധാരാളം കമന്‍റുകളും ഷെയറുകളും വീഡിയോയ്ക്കു ലഭിച്ചു. നാലായിരം അടി താഴ്ചയില്‍ ജീവിക്കുന്ന, പ്രകാശിക്കുന്ന ജെല്ലിഫിഷ് സമൂഹമാധ്യമങ്ങളിലും മിന്നും താരമായിരിക്കുന്നു.