എൽപി സ്കൂൾ അധ്യാപികയാണ്. ഞങ്ങളുടെ എച്ച്എം 2020 മേയ് 31ന് വിരമിക്കും. എനിക്ക് 23 -5- 2020ന് 50 വയസ് പൂർത്തിയാകും. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് എഴുതിയിട്ടില്ല. എന്റെ വിദ്യാഭ്യാസ യോഗ്യത പിഡിസി- ടിടിസി ആണ്. 21-6-1990 ൽ സർവീസിൽ പ്രവേശിച്ച എനിക്ക് 29 വർഷത്തെ സർവീസ് ഉണ്ട്. എന്റെ ജൂണിയർ ടീച്ചർ 23- 6- 1993ൽ സർവീസിൽ പ്രവേശിച്ചു. ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായതാണ്. അവരുടെ യോഗ്യത എസ്എസ്എൽസി-ടിടിസി ആയിരുന്നു. സർവീസിലിരിക്കെ ഡിഗ്രി പാസായി. ഞാൻ 2002ൽ എച്ച്എം പോസ്റ്റ് വേണ്ടായെന്ന് Perm anent Relinguishment ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ സീനിയർ ടീച്ചർ എന്ന നിലയിൽ അടുത്ത ചാർജ് എന്നെയാണ് ഏൽപ്പിക്കുകയെന്ന് എച്ച്എം പറയുന്നു. ഈ അവസ്ഥയിൽ എനിക്ക് എച്ച്എം ആയി സ്ഥാനം ഏറ്റെടുക്കാൻ കഴിയുമോ? എച്ച്എം ആകാൻ ഡിഗ്രി വേണം, ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസാകണം എന്നീ യോഗ്യതകൾ വേണ്ടിവരുമോ?
മേരി ജോസഫ്, പേരാവൂർ
താങ്കൾ ഹെഡ്മാസ്റ്റർ തസ്തിക വേണ്ടായെന്ന് Perm anent Relinguishment നൽകിയിട്ടുള്ളതുകൊണ്ട് താങ്കൾക്ക് ആ തസ്തിക ലഭിക്കാനുള്ള അർഹത ഇല്ലാതായി. 50 വയസ് കഴിഞ്ഞാൽ ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ടെസ്റ്റ് യോഗ്യതയുള്ള (ഡിപ്പാർട്ട്മെന്റ് ടെസ്റ്റ് പാസായ) ആൾ ഉള്ളപ്പോൾ ആ വ്യക്തിക്കാണ് ഹെഡ്മാസ്റ്റർ ആകാനുള്ള അർഹത. പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ ആകാൻ ഡിഗ്രി വേണമെന്ന് നിർബന്ധമില്ല. അതിനാൽ സീനിയർ ടീച്ചർ എന്ന നിലയിൽ ടെസ്റ്റ് യോഗ്യതയുള്ള ആളിനാണ് അർഹത.
എൽപി സ്കൂൾ ഹെഡ്മാസ്റ്റർ: ഡിഗ്രി വേണമെന്നു നിർബന്ധമില്ല
03:38 PM Sep 23, 2019 | Deepika.com