കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി(70) അന്തരിച്ചു. ബുധനാഴ്ച നെൽസ്പ്രൂട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ശ്വാസകോശാർബുദത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം.
1947 മാർച്ച് 23ന് നെൽസ്പ്രൂട്ടിൽ ജനിച്ച റേ ഫിരി ജാസ്, ഫ്യൂഷൻ സംഗീതങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതും കഴിവ് തെളിയിച്ചതും. 1970ൽ കാനിബാൾസ് എന്ന ആഫ്രോ ഫ്യൂഷൻ മ്യൂസിക് ബാൻഡ് രൂപീകരിച്ചപ്പോൾ അതിന്റെ മുൻപന്തിയിൽ ഫിരിയുണ്ടായിരുന്നു. കാനിബാൾസ് പിന്നീട് ലോകപ്രശസ്തമായി.
ഈ വർഷം നടക്കാനിരിക്കുന്ന റോക്കിംഗ് ദി ഡെയ്സീസ് എന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കവെയാണ് ഫിരിയെ മരണം കവർന്നത്. ഫിരിയുടെ ഭാര്യ 2003ൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽ ഫിരിക്കും ഗുരുതര പരിക്കേറ്റിരുന്നെങ്കിലും പിന്നീട് ജീവിതത്തിലേക്കു തിരിച്ചെത്തി.
ദക്ഷിണാഫ്രിക്കൻ ജാസ് ഇതിഹാസം റേ ഫിരി അന്തരിച്ചു
06:57 PM Jul 13, 2017 | Deepika.com