
ഭർത്താവിന് വയ്യാതെയിരിക്കുന്പോൾ ഭാര്യയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയക്കുന്നവരുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ.
വിഷമം സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു കുറിപ്പ് എഴുതുന്നതെന്നും ഭർത്താവിന് വയ്യാതെ ആശുപത്രിയിൽ കിടക്കുന്പോൾ എങ്ങനെയാണ് മറ്റുള്ളവർക്ക് ഇത്തരം സന്ദേശങ്ങൾ ഭാര്യക്ക് അയക്കാൻ സാധിക്കുന്നതെന്നും എലിസബത്ത് ചോദിക്കുന്നു. സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചാണ് എലിസബത്ത് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക. ഈ സ്ക്രീൻഷോട്ട് ഇടാൻ കാരണം ഞാൻ പറയാം.
ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ടൊരു അഞ്ച് ദിവസം ഞാൻ ഗ്രൂപ്പ് അഡ്മിൻ ആയി ഉണ്ടായിരുന്നു. എനിക്ക് ട്രോൾ ഗ്രൂപ്പ് എന്നു പറഞ്ഞാൽ ട്രോൾ റിപ്പബ്ലിക് ഇടാൻ ആണ് ഇഷ്ടം. പക്ഷേ ഒന്ന് അഡ്മിൻ ആയി നിൽക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്.
അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടായിരുന്നു. അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് മോശമായി മെസ്സേജ് ചെയ്തിരുന്നു. ഞാൻ അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഈ പറയുന്ന ആൾക്ക് അയച്ചു. ആരാണ് ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ പുള്ളിക്ക് അറിയില്ല എന്നും അതിൽ എന്താണ് ഇത്ര തെറ്റ് എന്നും തിരിച്ചു ചോദിച്ചു.
ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻ ഗ്രൂപ്പിൽ നിന്നും പിൻവാങ്ങി. വീണ്ടും ഇതുപോലെ ഇടയ്ക്കു കോൾ ചെയ്യാനും അത് പോലെ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യാനും ശ്രമിക്കുന്നു. മറുപടി ഇല്ല എന്നു കണ്ടപ്പോൾ എന്റെ ജാഡ കാരണമാണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ അനുഭവിക്കുന്നതെന്ന് പറഞ്ഞു.
എന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്, എന്തെകിലും ഉണ്ടാകാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട് എന്ന് അറിയാം. നിങ്ങളെയൊന്നും ബ്ലോക്ക് ചെയ്തിട്ട് ഒരു കാര്യമില്ല എന്ന് അറിയാം. ഇപ്പോൾ തന്നെ 100 ഫേക്ക് ഐഡി ഉണ്ടല്ലോ.
അതുപോലെ ഒരാൾ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ‘ഐ ലവ് യു’ പറയുന്നത് എന്ത് കണ്ടിട്ടാണെന്ന് മനസിലാവുന്നില്ല. ‘എന്താ ബുക്ക് ചെയ്യണോ’, ഈ 4 ദിവസത്തിൽ 2 പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാൾ ഒരാളോട് ഇഷ്ടമാണ് എന്ന് പറയുന്നതിൽ തെറ്റില്ല.
പക്ഷേ ഇങ്ങനെയുള്ള അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു. ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്ക് ആയാൽ പിന്നെ ഈസിയാണ് അല്ലെ കാര്യങ്ങൾ. ദയവു ചെയ്ത്, ഈ പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് മാറ്റിവയ്ക്കൂ.
അവർക്കും ഈ മനസ്സും വിഷമവും ഒക്കെ ഉണ്ട് എന്ന് കാണുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടൻ ഓക്കേ ആണ്. എല്ലാരുടെയും പ്രാർഥനകൾക്കു നന്ദി. എലിസബത്ത് പറഞ്ഞു.