
നടി മോളി കണ്ണമാലിക്ക് സഹായവുമായി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറന്പിൽ. ജപ്തിയുടെ വക്കിലെത്തിയ നടി മോളിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് കൊടുത്താണ് ഫിറോസ് മോളിയ്ക്കും കുടുംബത്തിനും ആശ്വാസമായത്.
നടിയുടെ വീട്ടിലെത്തി ആധാരം കൈമാറുന്നതിന്റെ വീഡിയോ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഇതിന്റെ പേരിൽ ഇനിയാരും മോളി കണ്ണമാലിക്ക് പൈസ കൊടുക്കരുതെന്നും പ്രശ്നം മുഴുവനായും പരിഹരിച്ചിട്ടുണ്ടെന്നും ഫിറോസ് പറയുന്നുണ്ട്.
ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ
ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്. ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്താൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കും.
ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളി ചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. തുടർചികിത്സയ്ക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സയ്ക്ക് 250,000 രൂപ നൽകിയിരുന്നു.
പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു, അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആകാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം. ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ്, ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നായിരുന്നു.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഈ കുടുംബത്തിന്റെ പ്രയാസം നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളി ചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം.