+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെൽബണിൽ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയിൽ

ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ കുർബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ പോലീസിന്‍റെ പിടിയിലായ പ്രത
മെൽബണിൽ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയിൽ
ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ കുർബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയൻ പോലീസിന്‍റെ പിടിയിലായ പ്രതിക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തതായും മന്ത്രി ട്വിറ്ററിൽ അറിയിച്ചു. ഇയാൾ ഇറ്റലിക്കാരനാണെന്നാണ് പോലീസ് നൽകുന്ന സൂചന. വൈദികനു നേർക്കുണ്ടായ അക്രമത്തിൽ കേന്ദ്രസർക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

താമരശേരി രൂപത വൈദികനായ ഫാ.ടോമി കളത്തൂരിനു(48) നേരേയാണ് ഓസ്ട്രേലിയയിൽ വംശീയാക്രമണം ഉണ്ടായത്. മെൽബണിലെ ഫാക്നർ നോർത്തിലാണു സംഭവം. അവിടെയുള്ള സെന്‍റ് മാത്യു പള്ളിയിൽ വികാരിയാണ് ഫാ. ടോമി കളത്തൂർ. വിശുദ്ധ കുർബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്കു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു സമയമായതിനാൽ അതിനുശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ ഇയാൾ ആക്രമിക്കുകയായിരുന്നു.

കൈയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തു വൈദികന്‍റെ കഴുത്തിൽ കുത്തി. വിശുദ്ധകുർബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാലാണു കഴുത്തിൽ ആഴത്തിൽ മുറിവേൽക്കാതിരുന്നത്. സംഭവശേഷം അക്രമി രക്ഷപ്പെട്ടു. വൈദികനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച അക്രമി ദേവാലയത്തിൽവന്ന് വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ആണെങ്കിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പാടില്ല എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾ ദേവാലയത്തിൽ വന്നിരുന്നെങ്കിലും തിരുക്കർമങ്ങളിൽ പങ്കെടുത്തിരുന്നില്ല.