കോംഗോയിൽ പ്രതിഷേധക്കാർക്കു നേർക്കു വെടിവയ്പ്; 101 പേർ കൊല്ലപ്പെട്ടു

11:37 PM Feb 14, 2017 | Deepika.com
കിൻഷാസ: ആഫ്രിക്കൻ രാഷ്ട്രമായ കോംഗോയിൽ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 101 പേർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. അഞ്ചു ദിവസങ്ങളായി സൈന്യവും കാംവിന സാപു സംഘടനയും തമ്മിൽ ഉടലെടുത്തിട്ടുള്ള സംഘർഷങ്ങളിലാണ് ഇത്രയുമധികം ആളുകൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 39 സ്ത്രീകളും ഉൾപ്പെടുന്നതായി യുഎൻ മനുഷ്യവകാശ വക്താവ് ലിസ് ത്രോസൽ അറിയിച്ചു.

കത്തിയും കുന്തവുമായി സൈന്യത്തെ നേരിട്ട വിമതർക്കു നേർക്ക് സൈന്യം യന്ത്രത്തോക്കുകൾ ഉപയോഗിച്ചു വെടിയുതിർക്കുകയായിരുന്നു. ഇത് മരണസംഖ്യ ഉയരാൻ കാരണമായി. സംഭവത്തിൽ സൈന്യമോ സർക്കാരോ ഇതേവരെ പ്രതികരിച്ചിട്ടില്ല.

പ്രസിഡന്‍റ് ജോസഫ് കാബില സ്ഥാനമൊഴിയാൻ തയാറാകാത്തതിനെതിരേ നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് സൈന്യവും വിമതരും ഏറ്റുമുട്ടിയത്. രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിൽ സമാന പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുന്നുണ്ടെന്ന് കോംഗോയിലെ യുഎൻ സമാധാന സേനാ വക്താവ് വ്യക്തമാക്കി.