+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്കാരം

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്‌ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിന
സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്കാരം
ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്‌ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു. സെബാസ്റ്റ്യനെ തേടി അംഗീകാരങ്ങളെത്തുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഏറ്റവുമധികം വിദ്യാർഥികളെ, രാജ്യത്തെ സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷയിൽ (പന്ത്രണ്ടാം ക്ലാസ്) 97–98 ശതമാനം തിളക്കമാർന്ന വിജയം വരിച്ചുവരുന്ന ഉംറ്റാറ്റയിലെ കന്നീസ ഹൈസ്കൂളിന്റെ പ്രിൻസിപ്പലും കൂടിയാണ് സെബാസ്റ്റ്യൻ വട്ടക്കുന്നേൽ.

കേവലം പാഠപുസ്തക പരിശീലനങ്ങളിൽ മാത്രമൊതുങ്ങാതെ, കുട്ടികളെ സമൂഹത്തിനു പ്രയോജനപ്രദമായ രീതിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുവാനുതകുംവിധത്തിലുള്ള പൗരന്മാരായി പരിശീലനം നൽകുവാൻ ശ്രദ്ധാപൂർവം നേതൃത്വം നൽകുന്നു വട്ടക്കുന്നേൽ. തൽഫലമായി ഇക്കൊല്ലം സ്കൂളിലെ കുട്ടികൾ ഒറ്റക്കെട്ടായി ‘ബാസ്കറ്റ് ഓഫ് ലവ്’ ന്റെ ബാനറിൽ സമാഹരിച്ച ധനത്തോടൊപ്പം സ്കൂളിന്റെ സഹായവും ചേർത്ത് നിർധനയും വികലാംഗയുമായ ഒരു വയോധികയ്ക്കും കുട്ടികൾക്കും നാലു മുറികളുള്ള ഒരു വീട് നിർമിച്ചു നൽകിയത് ഇവിടുത്തെ പ്രമുഖ മാധ്യമങ്ങൾ പ്രധാന വാർത്തയായി റിപ്പോർട്ട് ചെയ്തിരുന്നു.

ആധുനിക ജീവിത വിചിത്രങ്ങളുടെ ബാക്കിപത്രമായി ഇവിടെ തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന, ഒരു ദിവസം മുതൽ 67 വയസ് വരെ പ്രായമായ അനാഥകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു അനാഥാലയം കന്നീസാ ചിൽഡ്രൻസ് ഹോം, ഈ സ്കൂളിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ, സമാനമനസ്കരായ നല്ല മനുഷ്യരുടെ സജീവ കാരുണ്യത്തിലും നമ്മുടെ നാട്ടിലെ അരുവിത്തുറ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് ( ക്ലാര മഠം) കന്യാസ്ത്രീകളുടെ സഹകരണത്തിലും പ്രവർത്തിക്കുന്നു.

സാമൂഹിക സേവനത്തിനുള്ള അംഗീകാരമായി ദക്ഷിണാഫ്രിക്കൻ ദേശീയ ഭരണകൂടത്തിന്റെ പ്രശസ്തിപത്രവും അംഗീകാര അവാർഡുകളും കഴിഞ്ഞയാഴ്ച നടന്ന ചടങ്ങിൽ ഈസ്റ്റേൺ കേപ്പ് പ്രവിശ്യ എംഇസി മാണ്ടലാ മക്കുപ്പൂള സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് സമ്മാനിച്ചു.

കർമനിരതമായ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ഈ അംഗീകാരങ്ങൾ ഓരോ കന്നീസ കുടുംബാംഗങ്ങൾക്കും അവകാശപ്പെട്ടതും അഭിമാനവുമാണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള വട്ടക്കുന്നേൽ കുടുംബാംഗമാണ് സെബാസ്റ്റ്യൻ. ഭാര്യ സാറാമ്മ. മക്കൾ: സിഫി, സിമി.

റിപ്പോർട്ട്: കെ.ജെ.ജോൺ