പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് സഖ്യം ഒന്നിക്കുന്ന "മോൺസ്റ്റർ' ദീപാവലിക്ക് തീയേറ്ററുകളിലെത്തും. ഒക്ടോബർ 21-ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പരസ്യപ്പെടുത്തിയിട്ടില്ല. തലപ്പാവ് ധരിച്ച മോഹൻലാലിന്റെ ലക്കി സിംഗ് എന്ന കഥാപാത്രത്തിന്റെ ചിത്രമുള്ള പോസ്റ്റർ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ദീപക് ദേവ് സംഗീതം നൽകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പാണ്. ഷമീർ മുഹമ്മദ് ചിത്രസംയോജനം നിർവഹിക്കുന്നു. തെലുങ്ക് താരമായ ലക്ഷ്മി മഞ്ചു മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന "റാം' എന്ന ചിത്രത്തിന്റെ വിദേശ ലൊക്കേഷനിലെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ മോൺസ്റ്ററിന്റെ പ്രചരണ പരിപാടികൾക്കായി കേരളത്തിലെത്തുമെന്നാണ് സൂചന.
നിവിൻ പോളി ചിത്രം പടവെട്ട്, ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം പ്രിന്‍സ് എന്നിവയും ഒക്ടോബർ 21-ന് തീയേറ്ററുകളിലെത്തും.