അയർക്കുന്നം: ആദ്യം പ്രണയാഭ്യർഥന. പിന്നീട് പുറകേ നടന്നു ശല്യം. അടുത്തത് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കത്തിയുമായെത്തി ഭീഷണി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി ഭീഷണപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവഞ്ചൂർ മണിയാറ്റിങ്കൽ അനന്തു (22) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രേമാഭ്യർത്ഥനയുമായി പിറകെ നടന്ന് ഇയാൾ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി പ്രേമാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നാണ് പെണ്‍കുട്ടിയുടെ വീട്ടിൽ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തിയത്.
വീട്ടുകാരുടെ പരാതിയിൽ പോലീസ് നടപടിയെടുക്കുകയായിരുന്നു. പോലീസ് പിടിയിലായ അനന്തു നിരവധി കേസുകളിൽ പ്രതിയുമാണ്. പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ പോലീസ് കർശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
പ്രതി കൂടുതൽ അക്രമം കാണിക്കുന്നതിൽനിന്നു തടയാനുള്ള ഇടപെടൽ നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. പലപ്പോഴും ഇങ്ങനെയുള്ള കേസുകൾ താക്കീതിലും ഒത്തുതീർപ്പിലും പോലീസ് തീർത്തുവിടുന്നതാണ് അക്രമികൾക്കു വളമാകുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു.
പ്രണയം നിരസിച്ചു, വാക്കത്തിയുമായി ഭീഷണി
03:34 PM Oct 01, 2021 | Deepika.com