കണ്ണൂർ: മന്ത്രി എം.വി.ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് കുടുംബശ്രീയിലെ വീട്ടമ്മമാർ എല്ലാവരും കൂടി ഒത്തുപിടിച്ചു കൂട്ടിക്കൊടുക്കണമെന്നു നിർദേശം. കുടുംബശ്രീ ഡയറക്ടറാണ് കുടുംബശ്രീ ജില്ലാ മിഷനുകൾക്ക് തദ്ദേശ-എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിനു ലൈക്ക് കൊടുക്കാൻ നിർദേശിച്ചിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പിനു കീഴിലാണ് കുടുംബശ്രീയുടെ പ്രവർത്തനം. മന്ത്രിയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് കൊടുത്തു റീച്ച് കൂട്ടണമെന്നും സർക്കാരിന്റെ വികസന പരിപാടകൾ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്നുമാണ് കഴിഞ്ഞ 16ന് നൽകിയ നിർദേശത്തിൽ പറയുന്നത്. മന്ത്രിയുടെ പേജിൽ നിലവിൽ 65000 ലൈക്കും 73000നു മേൽ ഫോളോവേഴ്സുമാണ് ഉള്ളത്. ഇതു കൂട്ടിക്കൊടുക്കണമെന്നാണ് നിർദേശം.
പത്തും നൂറും ഒന്നും പോരാ, ഒാരോ ജില്ലയിൽനിന്നും ഒന്നരലക്ഷം ലൈക്ക് വാങ്ങിക്കൊടുക്കാനാണ് ജില്ല കോഒാർഡിനേറ്റർമാർക്കു കിട്ടിയിരിക്കുന്ന നിർദേശം. കുടുംബശ്രീക്കാരെ പല ദൗത്യങ്ങളും ഏല്പിക്കാറുണ്ടെങ്കിലും മന്ത്രിയുടെ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് കൂട്ടിക്കൊടുക്കാനുള്ള ദൗത്യം ഏൽപിക്കുന്നത് ആദ്യമായിട്ടാണ്.
ഒാരോ ജില്ലയിലും കുടുംബശ്രീക്കു പ്രത്യേകമായി ഫേസ്ബുക്ക് പേജ് നിലവിലുള്ളപ്പോഴാണ് മന്ത്രിയുടെ പേജിന്റെ ലൈക്ക് കൂട്ടാനുള്ള നിർദേശം വന്നിരിക്കുന്നത്. ലൈക്ക് കൂട്ടാൻ ഒാരോ ജില്ലയ്ക്കും ക്വാട്ട നിശ്ചയിച്ചു നൽകിയിട്ടുണ്ടെന്നും പറയുന്നു. ഇനിയിപ്പോൾ മറ്റു മന്ത്രിമാരുടെ പേജിന്റെ ലൈക്ക് കൂട്ടാനുള്ള ജോലി കൂടി തങ്ങളുടെ തലയിൽ വന്നു വീഴുമോയെന്ന ആശങ്കയിലാണ് കുടുംബശ്രീ പ്രവർത്തകർ.
മറ്റു പല മന്ത്രിമാരുടെയും പേജുകൾക്ക് ലക്ഷങ്ങൾ ലൈക്ക് ഉള്ളപ്പോൾ തദ്ദേശ ഭരണ മന്ത്രിയുടെ പേജിനു ലൈക്ക് കുറഞ്ഞു നിൽക്കുന്നതു പരിഹരിക്കാനാണ് ഈ രക്ഷാദൗത്യമെന്നു പറയുന്നു. അതേസമയം, ഇതിൽ വിവാദമൊന്നുമില്ലെന്നും വികസന പദ്ധതികൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇതു സഹായിക്കുമെന്നുമാണ് കുടുംബശ്രീ മിഷന്റെ ഉന്നത കേന്ദ്രങ്ങൾ പറയുന്നത്.
കുടുംബശ്രീക്കാർക്കു പുതിയ ജോലി! മന്ത്രിയുടെ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് കൂട്ടണം!
12:16 PM Sep 28, 2021 | Deepika.com