ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. മലയാളത്തിനു പിന്നാലെ തമിഴ്, കന്നഡ പ്രേക്ഷകരും താരത്തെ കൈനീട്ടി സ്വീകരിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിന്ന ഭാവന അടുത്തിടെ ഒരു കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു.
കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറിയത്. കാർത്തിക എന്നായിരുന്നു താരത്തിന്റെ യഥാർഥ പേര്. തന്റെ പേര് ഭാവന എന്നായി മാറിയതിനു പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ.
തന്റെ പേര് മാറ്റാന്‍ കാരണം സംവിധായകന് കമല്‍ ആണെന്ന് ഭാവന പറയുന്നു. ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹം കാര്‍ത്തിക എന്ന പേര് മാറ്റണം എന്ന് പറഞ്ഞു. കാരണം, ഓള്‍റെഡി ഒരു കാര്‍ത്തിക ഉണ്ട്, പിന്നെ പഴയകാല നടി കാര്‍ത്തിക ഉണ്ട്. അതുകൊണ്ട് മീഡിയാസിനോട് പറയുമ്പോള്‍ കണ്ഫ്യൂഷനാകുമെന്നതിനാലാണ് അന്നു പേര് മാറ്റിയതെന്നും അസ്ട്രോളജിയൊന്നും നോക്കിയിട്ടില്ലെന്നും ഭാവന പറഞ്ഞു.
'കമല്‍ സാര്‍ പറഞ്ഞു. നീ തന്നെ നിനക്ക് ഇഷ്ടമുള്ള പേര് പറയൂ, അതില്‍ നിന്ന് ഞങ്ങള്‍ സെലക്ട് ചെയ്തുതരാം എന്ന്. അപ്പോള്‍ തോന്നിയ നാലഞ്ച് പേര് ഞാന്‍ പറഞ്ഞു. ഇപ്പോൾ ആണേല്‍ കുറച്ച് നല്ല പേര് കണ്ടെത്തിയേനെ. അന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ട പേരാണ് ഭാവന. ഭാവന ഈ കരിയറിന് പറ്റുന്ന പേരാണെന്നും മറ്റാരും ഈ പേരിലില്ല എന്നൊക്കെ നോക്കിയാണ് ഈ പേര് തെരഞ്ഞെടുത്തത്.' - ഭാവന പറയുന്നു.