വീഡിയോ എടുക്കാന്‍ ശ്രമിച്ച തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുറി ബാലകൃഷ്ണ. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടൻ. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് നിര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോ ഡിലിറ്റും ചെയ്യിപ്പിച്ചു.
സംഭവം വൈറലായതോടെ അടികൊണ്ടയാള്‍ വീഡിയോയുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തെരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ക്ഷീണിതനായിരുന്നു. അദ്ദേഹം ഇതുവരെ ആർക്കും ഷേക്ക് ഹാൻഡ് നൽകിയിട്ടില്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു.- അടികൊണ്ടയാള്‍ പറഞ്ഞു. സെല്‍ഫിയെടുത്തതിന് ബാലകൃഷ്ണ ആരാധകനെ തല്ലിയ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്.