സംസ്ഥാനം: തമിഴ്നാട്
ജില്ല: തിരുപ്പൂർ
കാഴ്ച: വെള്ളച്ചാട്ടം, വിശാലമായ ഡാം, മലനിരകൾ.
പ്രത്യേകത: വെള്ളച്ചാട്ടത്തിൽ കുളി, ട്രെക്കിംഗ് സൗകര്യം, സിനിമാ ലൊക്കേഷൻ.
തമിഴ് - മലയാളം സിനിമാ ഗാനങ്ങളിലെ മനംമയക്കുന്ന ലൊക്കേഷൻ. ഒപ്പം പ്രകൃതിയൊരുക്കുന്ന തെളിനീരിൽ ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനത്തു കുളി. തിരുമൂർത്തി മലയും ഡാമും വെള്ളച്ചാട്ടവും എന്തുകൊണ്ടാണ് സിനിമാക്കാരുടെ പ്രിയപ്പെട്ട ഇടമാകുന്നതെന്നറിയാൻ അവിടെ നേരിട്ടു ചെല്ലണം.
യാത്ര:
പഴനി റൂട്ടിൽ പൊള്ളാച്ചിയിൽനിന്ന് 50 കിലോമീറ്ററും ഉടുമൽപേട്ടയിൽനിന്ന് 20 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് തിരുമൂർത്തി ഡാം. ഇതിനോടു ചേർന്നു മലയുടെ അടിവാരത്തിലാണ് പ്രശസ്തമായ തിരുമൂര്‍ത്തി ക്ഷേത്രം.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ തിരുമൂര്‍ത്തി മലയില്‍നിന്ന് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തേക്ക് ഒഴുകിയെത്തുന്ന അരുവികളുടെ തുടർച്ചയായ വെള്ളച്ചാട്ടം ഏവരുടെയും മനംകവരും. ഇതാണ് പഞ്ചലിംഗം വെള്ളച്ചാട്ടം. മലയുടെ അടിവാരത്തില്നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ കുന്നു കയറിവേണം ഈ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താൻ.
ഭാരതപ്പുഴ വരുന്നു:
പശ്ചിമഘട്ടത്തിന്റെ ഭാഗമായ ആനമലയിലെ ഈ തിരുമൂര്‍ത്തി മലയില്‍നിന്നാണ് കേരളത്തിന്റെ അഭിമാനമായ ഭാരതപ്പുഴയുടെ ഉത്ഭവം. കുഞ്ഞരുവിയായി ജനിച്ചു തിരുമൂർത്തി ഡാമിലൂടെ സഞ്ചരിച്ച് ആളിയാർ പുഴയുമായി കൂടിച്ചേർന്നാണ് ചിറ്റൂർ പുഴയായി കേരളത്തിലെത്തി ഭാരതപ്പുഴയാകുന്നത്. തിരുമൂർത്തി മലകൾക്കു മുകളിലായി ദക്ഷിണേന്ത്യയിലെ ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും നമുക്ക് ദൃശ്യമാവും.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ:
ടൂറിസ്റ്റ് കേന്ദ്രങ്ങളായ അമരാവതി ഡാം, അമരാവതി ക്രോക്കോഡൈല്‍ ഫാം, ആളിയാര്‍ ഡാം, ടോപ്സ്ലിപ്, പറന്പിക്കുളം എന്നിവിടങ്ങളിലേക്ക് ഇവിടെനിന്നു പോകാൻ എളുപ്പവഴിയുണ്ട്.
തിരുമൂര്‍ത്തി ഹില്‍സ് ട്രെക്കിംഗ് പ്രേമികളുടെ സ്വര്‍ഗമാണ്. ട്രെക്കിംഗിനു വനംവകുപ്പ് ഒാഫീസിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. തിരുമൂർത്തി ഹിൽസിനു താഴെ ബസ് സ്റ്റാൻഡിനു സമീപമാണ് തമിഴ്നാട് വനംവകുപ്പ് ഓഫീസ്. ഫോൺ: 0421 2971100.
എം.വി. വസന്ത്, പാലക്കാട്
തിരുമൂർത്തിയിലെ സിനിമപിടിത്തം!
03:44 PM Sep 23, 2023 | Deepika.com