രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്

02:18 PM Sep 28, 2022 | Deepika.com
കോട്ടയം: ചങ്ങനാശേരി- കോട്ടയം എംസി റോഡിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന ഭാരത് മോട്ടോർസ് എന്ന യമഹ ഷോറൂമിൽ വില്പനയ്ക്കായി വച്ചിരുന്ന സ്കൂട്ടറിൽ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റർ ചെയ്യാത്ത യമഹ ഫാസിനോ സ്കൂട്ടറിൽ ഒളിപ്പിച്ചു വച്ചിരുന്നത്.

ഷോറൂമിന്‍റെ ചുമതലക്കാരൻ കുട്ടനാട് കാവാലം സ്വദേശി അമർ കുമാർ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു.

ആരംഭിച്ചിട്ട് രണ്ടുമാസം മാത്രമായ ഭാരത് മോട്ടേഴ്സ് എന്ന യമഹ ഷോറൂമിൽ രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും യുവാക്കൾ വന്നു പോകുന്നതുമാണ് പരിസരവാസികളിൽ സംശയം ഉളവാക്കിയത്. എൻഡിപിഎസ് സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട നമ്പറുകളിൽ പരിസരവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങനാശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി. പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.