മലയാള സിനിമയിലെ പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധ (കോസ്റ്റ്യൂം ഡിസൈനർ) സ്റ്റെഫി സേവ്യർ സംവിധായകയുടെ റോളിലേക്ക്. സ്റ്റെഫി സംവിധാനം ചെയ്ത, ഷറഫുദീനും രജീഷ വിജയനും കേന്ദ്രകഥാപാത്രങ്ങളായ മധുരമനോഹര മോഹം ഇക്കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തി. ലുക്കാ ചുപ്പി എന്ന ചിത്രത്തിലൂടെയായിരുന്നു കോസ്റ്റ്യൂം ഡിസൈനറായി സ്റ്റെഫിയുടെ തുടക്കം. തൊണ്ണൂറോളം ചിത്രങ്ങൾക്കു വസ്ത്രാലങ്കാരം ഒരുക്കിയ സ്റ്റെഫിക്ക് ഗപ്പി എന്ന ചിത്രത്തിൽ മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മധുരമനോഹര മോഹം ഒരു ഫാമിലി കോമഡി ഡ്രാമയാണ്. എന്നാൽ സ്ഥിരം കുടുംബചിത്രങ്ങളിൽനിന്ന് വ്യത്യസ്തവുമാണ്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ നർമത്തിലൂടെ അവതരിപ്പിക്കുന്നു. ഒപ്പം ചില സന്ദേശങ്ങളും നൽകുന്നു.
കോസ്റ്റ്യൂം ഡിസൈനർ
കുട്ടിക്കാലത്ത് സിനിമ കാണുന്പോൾ സിനിമാതാരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങൾ ഇടുക എന്നതായിരുന്നു എന്റെ വലിയ ആഗ്രഹം. ചടങ്ങുകളിൽ പോകുന്പോഴൊക്കെ നല്ല ഡ്രസിൽ വരുന്നവരെ ശ്രദ്ധിക്കുമായിരുന്നു. അന്ന് ഫാഷൻ ഡിസൈനിംഗ് എന്നൊരു കോഴ്സ് ഉണ്ടെന്നോ സിനിമയിൽ കോസ്റ്റ്യൂം ഡിസെനിംഗ് ജോലിയുണ്ടെന്നോ അറിവില്ലായിരുന്നു. സ്കൂളിൽ പഠിക്കുന്പോഴാണ് ഇങ്ങനെയൊരു പ്രഫഷൻ ഉണ്ടെന്നറിയുന്നത്. ആ ആഗ്രഹത്തിൽ അവധിക്കാലത്ത് തയ്യൽ പഠിക്കാൻ തുടങ്ങി. പിന്നീട് ബംഗളൂരുവിൽ മൂന്നു വർഷത്തെ ഫാഷൻ ഡിസൈനിംഗ് കോഴ്സ് ചെയ്തു. പരസ്യചിത്രങ്ങളിലാണ് കോസ്റ്റ്യൂം ഡിസൈനിംഗ് ചെയ്തു തുടങ്ങിയത്. ആദ്യമായി കോസ്റ്റ്യൂം ഡിസൈനറായ സിനിമ ലുക്കാ ചുപ്പിയാണ്.
സംവിധായികയിലേക്ക്
കോസ്റ്റ്യൂം ഡിസൈനറായുള്ള തുടക്കത്തിലൊന്നും സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. സിനിമയിൽ പ്രവർത്തിക്കുന്പോഴാണ് സിനിമ ഉണ്ടാകുന്ന പ്രോസസിനെപ്പറ്റി മനസിലാക്കുന്നതും ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം തോന്നിയതും. നന്നായി ഹോംവർക്ക് ചെയ്ത് നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ ആഗ്രഹം യാഥാർഥ്യമാകുന്നത്.
സിനിമ ഇഷ്ടം
എന്റെ ചെറുപ്പത്തിൽ നാട്ടിൽ എല്ലാ വീടുകളിലും ടെലിവിഷൻ ഉണ്ടായിരുന്നില്ല. അടുത്തുള്ള കുട്ടികളെല്ലാം ഞായറാഴ്ചകളിൽ ടിവിയുള്ള വീട്ടിൽ സിനിമ കാണാൻ പോകും. തിയറ്ററിലേതുപോലെ തിങ്ങിയിരുന്നാണ് സിനിമ കണ്ടിരുന്നത്. ഞാൻ ഹൈസ്കൂളിൽ പഠിക്കുന്പോഴാണ് വീട്ടിൽ ടിവി വാങ്ങുന്നത്.
സംസ്ഥാന പുരസ്കാരം
ഗപ്പി ചെയ്യുന്പോൾ അതൊരു വ്യത്യസ്തമായ സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഗപ്പി ഒരുപാടു നിറങ്ങളിലുള്ള മീനാണല്ലോ. ആ നിറങ്ങളെല്ലം സിനിമയിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളിൽ കൊണ്ടുവരാനുള്ള സാധ്യതയുണ്ടായിരുന്നു.
സിനിമാ ജീവിതം മുന്നോട്ട്
ഒരു സിനിമ സംവിധാനം ചെയ്തെങ്കിലും കോസ്റ്റ്യൂം ഡിസൈനിംഗിൽ ഇപ്പോഴും തിരക്കിലാണ്. പൃഥ്വിരാജിന്റെ ആടുജീവിതമാണ് വരാനിരിക്കുന്ന ചിത്രം. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ഗരുഡൻ ചെയ്തുകൊണ്ടിരിക്കുകയാണ്. തുടർന്നും സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്.
രജീഷ വിജയൻ
എനിക്കും രജീഷയ്ക്കും ഒരേ വർഷമാണ് സംസ്ഥാന അവാർഡ് കിട്ടിയത്. ആ വർഷം ഫെഫ്ക അസോസിയേഷൻ പുരസ്കാര ജേതാക്കൾക്കു നൽകിയ സ്വീകരണച്ചടങ്ങിലാണ് രജീഷയെ പരിചയപ്പെടുന്നത്. അതിനുശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. രജീഷയുടെ ജൂണ്, ഫൈനൽസ് എന്നീ സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തു. ആ പ്രൊഡക്ഷൻ കന്പനിയിൽ സ്ഥിരമായി വർക്ക് ചെയ്യുന്നതുകൊണ്ട് കന്പനി എന്നെ വിളിക്കുകയായിരുന്നു. അങ്ങനെയാണ് പ്രഫഷണലായി രജീഷയ്ക്കൊപ്പം ജോലി ചെയ്യാനായത്.
മധുര മനോഹര മോഹത്തിൽ രജീഷ നായികയായത് ഈ അടുപ്പംകൊണ്ടല്ല. എന്റെ സുഹൃത്തുക്കളാണ് ഈ സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. അവർ തിരക്കഥ വായിക്കാൻ തന്നപ്പോൾ ഈ സിനിമ ഞാൻ സംവിധാനം ചെയ്യുമെന്ന ഒരു പ്ലാനുമുണ്ടായിരുന്നില്ല. സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റിയ ആൾ ആരാണെന്ന് അവർ ചോദിച്ചപ്പോൾ രജീഷ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. രജീഷയാണ് ഈ സിനിമ ആദ്യം കമ്മിറ്റ് ചെയ്യുന്നത്. പിന്നീടാണ് ഞാൻ ഈ സിനിമയുടെ സംവിധായികയായത്.
കുടുംബം
മാനന്തവാടിയിലാണ് വീട്. അച്ഛൻ പരേതനായ സേവ്യർ. അമ്മ ഗ്രേസി. സഹോദരൻ ടിറ്റോ.
പ്രദീപ് ഗോപി
സ്റ്റെഫി ഇനി സംവിധായികയും
04:53 AM Jun 18, 2023 | Deepika.com