+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊമ്പന്‍ ബസില്‍ കണ്ടെത്തിയത് വമ്പന്‍ പിഴവുകള്‍

പത്തനംതിട്ട: വിനോദയാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച് വിവാദത്തിലായ കൊമ്പന്‍ ബസുകളില്‍ കണ്ടെത്തിയത് വന്‍ നിയമലംഘനങ്ങള്‍. ബസുകളില്‍ ജിപിഎസ് സംവിധാനവും സ്പീഡ് ഗവര്‍ണറും ഘ
കൊമ്പന്‍ ബസില്‍ കണ്ടെത്തിയത് വമ്പന്‍ പിഴവുകള്‍
പത്തനംതിട്ട: വിനോദയാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച് വിവാദത്തിലായ കൊമ്പന്‍ ബസുകളില്‍ കണ്ടെത്തിയത് വന്‍ നിയമലംഘനങ്ങള്‍.

ബസുകളില്‍ ജിപിഎസ് സംവിധാനവും സ്പീഡ് ഗവര്‍ണറും ഘടിപ്പിച്ചിട്ടില്ല. നിയമവിരുദ്ധമായി കറുത്ത ഗ്ളാസ് ഒട്ടിച്ചിട്ടുണ്ട്. പരിധിയിലധികം ശബ്ദത്തിലുള്ളതും നിശ്ചിത എണ്ണത്തില്‍ അധികവുമായി സ്പീക്കറുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി. അനാവശ്യവും അപകടകരവുമായ നിലയിലാണ് ബസുകളിലെ പ്രകാശ വിന്യാസം.

അന്തിമ പരിശോധന ചൊവ്വാഴ്ച

പത്തനംതിട്ട ആര്‍ടിഒ എ.കെ. ദിലുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ബസില്‍ നിയമപരമായി നടത്തേണ്ട സാങ്കേതിക മാറ്റങ്ങള്‍ ഇന്നലെ വൈകുന്നേരം നാലിനു മുമ്പ് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ടെക്നീഷന്‍മാര്‍ കൂടുതല്‍ സമയം ചോദിച്ചതിനാല്‍ അന്തിമ പരിശോധന ഇന്നത്തേക്ക് മാറ്റി. നിയമ ലംഘനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയില്ലെങ്കില്‍ ഇന്ന് ശക്തമായ നടപടിയെടുക്കുമെന്ന് ആര്‍ടിഒ ദിലു പറഞ്ഞു.

ബസിൽ പൂത്തിരി

കഴിഞ്ഞയാഴ്ച കൊല്ലം പെരുമണ്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ വിനോദയാത്രയ്ക്ക് മുന്നോടിയായിട്ടാണ് രണ്ട് ബസുകള്‍ക്കു മുകളില്‍ പൂത്തിരി കത്തിച്ചത്. ബസിനുള്ളിലേക്ക് പടര്‍ന്ന തീ ജീവനക്കാര്‍ കെടുത്തുകയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ബസുകള്‍ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്തു പ്രാഥമിക പരിശോധന നടത്തി. തുടര്‍ന്ന് പെരുമണില്‍ വിദ്യാര്‍ഥികളെ ഇറക്കിയ ശേഷം കൊല്ലം ആര്‍ടിഒയ്ക്ക് മുന്നില്‍ ബസുകള്‍ ഹാജരാക്കി.

അവിടെ നടത്തിയ പരിശോധനയിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. പൂത്തിരി കത്തിക്കാന്‍ ബസില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ബസുകള്‍ കുളനട സ്വദേശിയുടെ ഉടമസ്ഥതയിലായതിനാലാണ് കൂടുതല്‍ പരിശോധനയ്ക്ക് പത്തനംതിട്ടയിലെത്തിച്ചത്.